ഇടതിനെ വിടാതെ ഭൂമിയിടപാടുകള്‍
തിരുവനന്തപുരം : മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍ വിവാദങ്ങള്‍ക്ക് പിന്നാലെ എച്ച്എംടി ഭൂമിയിടപാടും ഇടതു ഭരണത്തില്‍ അഴിമതിയുടെ കരിനിഴല്‍ വീഴ്ത്തുന്നു.
എച്ച് എം ടിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ 878 ഏക്കര്‍ ഭൂമിയില്‍ 70 ഏക്കര്‍ 91 കോടി രൂപയ്ക്ക് ഹൗസിംഗ് ഡവലപ്‍മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന ഫ്ലാറ്റ് നിര്‍മാണക്കമ്പനിക്ക് വിറ്റതാണ് ഇപ്പോള്‍ വിവാദമായത്. ഇവിടെ സെന്റിന് ഏതാണ്ട് 10 ലക്ഷം രൂപയാണത്രേ മാര്‍ക്കറ്റ് വില. ഏതാണ്ട് 700 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് 91 കോടി രൂപയ്ക്ക് എഡിഐഎല്‍ സ്വന്തമാക്കിയത്.
വ്യവസായ മന്ത്രി എളമരം കരീം തറക്കല്ലിട്ട സൈബര്‍ സിറ്റി പദ്ധതിയ്ക്ക് സംസ്ഥാന ഐടി വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മന്ത്രിസഭയിലെ ഗ്രൂപ്പ് പോര് വീണ്ടും മറനീക്കി പുറത്തു വന്നു. ആലുവയിലെ എച്ച്എംടി ഭൂമിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി വകുപ്പിന് യാതൊരു രേഖകളും കിട്ടാത്തതു കൊണ്ടാണ് താന്‍ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചു തന്നെയാണ് ചെയ്തതെന്ന് വ്യവസായ മന്ത്രിയും പറയുന്നു.
ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സ് എന്ന വന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കൊച്ചിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കാന്‍ മുന്നോച്ച് വന്നത്. നാലായിരം കോടി രൂപയുടെ നിക്ഷേപവും അറുപതിനായിരം പേര്‍ക്ക് തൊഴിലും എന്ന വാഗ്ദാനമാണ് സൈബര്‍ സിറ്റി മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി യാതൊരു കരാറും ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
സ്മാര്‍ട്ട് സിറ്റി കരാറുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങള്‍ യുഡിഎഫ് ഭരണകാലത്ത് ഉയര്‍ത്തിയ ഇടതുമുന്നണിക്ക് ഏറ്റ ഏറ്റവും വലിയ നാണക്കേടാവുകയാണ് ഈ ഇടപാട്. യാതൊരു നിബന്ധനയും ഇല്ലാതെ 700 കോടി രൂപ വിലപിടിപ്പുളള സര്‍ക്കാര്‍ ഭൂമി ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ കൈകളിലെത്തിയതിന് ഞഞ്ഞാമിഞ്ഞാ ന്യായങ്ങളൊന്നും മതിയാവുന്ന ലക്ഷണമില്ല.












Click it and Unblock the Notifications