കണ്ണൂര്‍ വിമാനത്താവളത്തിന് 2200 ഏക്കര്‍
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ ഭാഗമായി 2,200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഇതില്‍ 150 ഏക്കര്‍ സ്ഥലമേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കും 50 ഏക്കര്‍ വൈദ്യുതി സബ്സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും വേണ്ടി ആയിരിക്കും. ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിനായി കിന്‍ഫ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോര്‍പറേഷന്റെ വികസനം ഉറപ്പാക്കുന്നതിനു വേണ്ടി പ്രതിവര്‍ഷം 1,000 ബസുകള്‍ വീതം പുറത്തിറക്കണമെന്നാണ് നിര്‍ദേശം.
ഇപ്പോള്‍ കൊടുത്തു തീര്‍ക്കേണ്ട 160 കോടിയുടെ ബാധ്യത ട്രാന്‍സ്പോര്‍ട്ട് ബോണ്ടായി പുറത്തിറക്കാന്‍ നിശ്ചയിച്ചു. കോര്‍പറേഷന്റെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കത്തക്ക വിധത്തില്‍ ഒന്നാം ഘട്ടമായി കെ ടി ഡി എഫ് സിയുമായി ചേര്‍ന്ന് പ്രധാനപ്പെട്ട 30 കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിങ് കോംപ്ലക്സുകള്‍ നിര്‍മിക്കും. ഇത് ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനും ശുപാര്‍ശയില്‍ നിര്‍ദേശിച്ചിട്ടുണ്ട്
കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന ലമ്പ്സം ഗ്രാന്റ് 50 ശതമാനം വര്‍ധിപ്പിക്കും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കീഴിലുള്ള ഫാം തൊഴിലാളികള്‍ക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications