സാഹിത്യത്തിലും കമ്യൂണിസ്റ്റ്‌ വിരുദ്ധ സിന്‍ഡിക്കേറ്റുണ്ടെന്ന്‌ പിണറായി

Subscribe to Oneindia Malayalam

കണ്ണൂര്‍: മാധ്യമ സിന്‍ഡിക്കേറ്റുപോലെ സാഹിത്യത്തിലും കമ്യൂണിസ്‌റ്റ്‌ വിരുദ്ധ സിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വജയന്‍.

വാര്‍ത്തകളിലൂടെ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രവര്‍ത്തനം വിജയിക്കാതെ വന്നപ്പോഴാണ്‌ ചില മാധ്യമങ്ങള്‍ സാഹിത്യത്തിലൂടെ ആവാമെന്ന്‌ കരുതി ഇത്തരം കഥകള്‍ പ്രസിദ്ധീകരിക്കുന്നത്‌. യാഥാസ്ഥിതിക സാഹിത്യകാരന്മാര്‍ പോലും ഇത്തര രചനകളെ എതിര്‍ക്കുന്നില്ല. ചുളുവില്‍ സാഹിത്യകാരന്മാരാകാന്‍ വേണ്ടിയാണ്‌ ചിലര്‍ കമ്യൂണിസ്റ്റ്‌ വിരുദ്ധ കഥകള്‍ എഴുതുന്നത്‌- പിണറായി ആരോപിച്ചു.

ഡിസി ബുക്‌സിന്റെ മലബാര്‍ പുസ്‌തകോത്സവത്തില്‍ ടി പത്മനാഭന്റെ പള്ളിക്കുന്ന്‌ എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു പിണറായി വിജയന്‍.

എകെജിയെ സുഖിയനായി ചിത്രീകരിക്കുന്ന കഥ, ശൂരനാട്‌ സംഭവത്തിലുള്ളവരെ അപമാനിക്കുന്ന കഥ എന്നിവയൊക്കെ അടുത്തകാലത്താണ്‌ പ്രസിദ്ധീകരിച്ചത്‌. ചില മാധ്യമങ്ങള്‍ ഇത്തരം കഥകള്‍ക്ക്‌ പ്രാധാന്യം നല്‍കുമ്പോള്‍ കഥാകൃത്തുക്കള്‍ അവരുടെ വലയില്‍ വീഴുന്നു. ഇതിന്‌ കഴിവും പ്രതിഭയുമൊന്നും ആവശ്യമില്ല. സാഹിത്യം ഇതിനൊക്കെയുള്ളതാണോയെന്ന്‌ ചിന്തിക്കണം.

മുമ്പ്‌ കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ കഥകള്‍ വന്നപ്പോള്‍ യാഥാസ്ഥിതിക സാഹിത്യകാരന്മാര്‍ അതിനെതിരെ രംഗത്ത്‌ വന്നിരുന്നു. സാഹിത്യം ആശയ പ്രചാരണത്തിനുള്ളതല്ല എന്നാണവര്‍ വാദിച്ചിരുന്നത്‌. കമ്യൂണിസ്റ്റ്‌ ആശയം വന്നാല്‍ മോശം വിരുദ്ധ ആശയം വന്നാല്‍ കേമം എന്ന നിലപാട്‌ തന്നെ തെറ്റാണ്‌- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷക്കാരനായി അഭിനയിച്ചുകൊണ്ട്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നതും ഇപ്പോള്‍ ഫാഷനായി മാറുകയാണ്‌. ടി പത്മനാഭന്‍ കമ്യൂണിസ്റ്റുകാരനോ വിരുദ്ധനോ അല്ല. എന്നിട്ടും അദ്ദേഹത്തെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധനും പുരോഗമനവിരുദ്ധനുമായി ചിത്രീകരിക്കുന്ന പ്രവണത ശക്തമാവുകയാണ്‌.

കേവല സൗന്ദര്യാനുഭൂതി ഉയര്‍ത്തുന്നവയാണ്‌ പത്മനാഭന്റെ കഥകള്‍ എന്നാണ്‌ മറ്റൊരു ആരോപണം. അനുഭൂതിയുണ്ടാക്കല്‍ ദോഷമല്ല, ഗുണവിശേഷമാണ്‌. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അന്തര്‍ധാരയാക്കിയുള്ളതാണ്‌ അദ്ദേഹത്തിന്റെ കഥകള്‍. മലയാളത്തിലെ തലയെടുപ്പുള്ള കഥാകാരനായി നാളെയും അദ്ദേഹം തുടരും- പിണറായി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Please Wait while comments are loading...