വ്യാജ രേഖ ചമച്ച നടിയും കൂട്ടരും അറസ്റ്റില്‍
ചെന്നൈ: വ്യാജരേഖ ചമച്ച് അമേരിക്കയിലേയ്‌ക്ക് കടക്കാന്‍ ശ്രമിച്ച ചലച്ചിത്ര നടിയടക്കം നാലുപേര്‍ പൊലീസ് പിടിയിലായി.
അമേരിക്കന്‍ കോണ്‍സുലേറ്റില്‍ വിസ കിട്ടാനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ നടി മുംബൈ സ്വദേശി ഫ്ലോറ സെയ്നി(ആശ സെയ്നി-29) മാനേജര്‍ ശ്രീരാമന്‍(35) ഹൈദരാബാദ് സ്വദേശികളായ ശ്രീലത(35) ട്രാവല്‍ ഏജന്റ് വെങ്കട്ട് റെഡ്ഡി(45) എന്നിവരാണ് പിടിയിലായത്.
നടിയുടെ സഹായത്തോടെ വിദേശത്തേയ്‌ക്ക് ആളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ നിന്നും പൊലീസ് കണ്ടെത്തി. അമേരിക്കയിലേയ്‌ക്ക് കൊണ്ടുപോകുന്നതിനായി മൂന്നുലക്ഷം രൂപ വെങ്കട്ട് ശ്രീലതയില്‍ നിന്നും വാങ്ങിയിരുന്നു.
ഫ്ലോറയുടെ മെയ്‌ക്കപ്പ് സഹായി എന്ന നിലയില്‍ വിസ ശരിയാക്കിത്തരാമെന്നും അവിടെ എത്തിയാല്‍ മറ്റു ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും വെങ്കട്ട് ഇവരെ ധരിപ്പിച്ചിരുന്നുവത്രേ. ഇതിനായി ഫ്ലോറയെ ശ്രീലത അണിയിച്ചൊരുക്കുന്ന രീതിയില്‍ ചില ഫോട്ടോകള്‍ എടുക്കുകയും വെങ്കട്ട് തന്നെ വ്യാജരേഖകള്‍ തയ്യാറാക്കുകയുമായിരുന്നു.
രേഖകളിലെ അവ്യക്തതകാരണം നാലുപേരെയും അമേരിക്കന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ചോദ്യം ചെയ്‌തു. രേഖകളില്‍ വ്യക്തമാക്കിയ കാര്യങ്ങളെക്കുറിച്ച് നാലുപേരോടും ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇവരെ കോണ്‍സുലേറ്റ് പൊലീസിന് കൈമാറുകയായിരുന്നു.
വഞ്ചനക്കുറ്റം ചുമത്തി അറസ്‌റ്റുചെയ്‌തശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേയ്‌ക്ക് റിമാന്റില്‍ വിട്ടു. വിജയകാന്ത് നായകനയ ഗജേന്ദ്ര, ഗുസ്‌തി , ശാനി, എനിയ്‌ക്കു കല്യാണമായാച്ച് തുടങ്ങിയവയാണ് ഫ്ലോറ അഭിനയിച്ച പ്രധാന തമിഴ് ചിത്രങ്ങള്‍. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളായിരുന്നു ഫ്ലോറ ചെയ്‌തിരുന്നത്.












Click it and Unblock the Notifications