കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസലിനെ കൊന്നത് ആര്?

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : തലശേരി സെയ്താര്‍പളളി സ്വദേശി മുഹമ്മദ് ഫസല്‍ കൊല്ലപ്പെടുമ്പോള്‍ വയസ് 26 മാത്രം. രണ്ടു വര്‍ഷം മുമ്പൊരു ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് ഈ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കൊലയാളികളെത്തിയത് ബൈക്കില്‍. ജെസി റോഡിലെ ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിനു പിന്നില്‍ ഫസലിനെ വെട്ടിവീഴ്ത്തിയ സംഘം മിന്നല്‍ പോലെ മറഞ്ഞു.

കീചകന്‍ ചാകണമെങ്കില്‍ കൊല്ലാനൊരു ഭീമന്‍ വേണമെന്ന ന്യായം മഹാഭാരതത്തില്‍ മാത്രമല്ല, കണ്ണൂരും ഉണ്ട്. എന്‍ഡിഎഫുകാരന്‍ മരിച്ചാല്‍ കൊന്നത് തീര്‍ച്ചയായും ആര്‍എസ്എസുകാരനായിരിക്കും. ആര്‍എസ്എസുകാരന്‍ മരിച്ചാല്‍ ഉത്തരവാദി സിപിഎമ്മുകാര്‍. സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദി ആര്‍എസ്എസുകാരും. കുറെക്കാലമായി കണ്ണൂരിലെ കീചക ഭീമ ന്യായം ഈ നിലയ്ക്കാണ് മുന്നേറുന്നത്.

ഫസലിനെ കൊന്നതും ആര്‍എസ്എസുകാരാണെന്ന് ഏകസ്വരത്തില്‍ സിപിഎമ്മും എന്‍ഡിഎഫും ആരോപിച്ചു. തലശേരിയിലെ രാമകൃഷ്ണ മഠം ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ഫസല്‍. സ്വാഭാവികമായും ആര്‍എസ്എസുകാരായിരിക്കും ഫസലിന്റെ കൊലയില്‍ പ്രതിസ്ഥാനത്ത് വരേണ്ടത് എന്ന് എല്ലാവരും കരുതി.

കുറെക്കഴിഞ്ഞ് സിപിഎമ്മുകാരാണ് കൃത്യം നടത്തിയതെന്ന് എന്‍ഡിഎഫുകാര്‍ ആരോപിച്ചതോടെ കളി തിരിഞ്ഞു.

കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയത് ഫസലിന്റെ വിധവയാണ്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ചിട്ടും പ്രതികള്‍ വലയില്‍ വീണില്ലെന്ന് അവര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണമായിരുന്നു ഫസലിന്റെ ഭാര്യ മറിയു ആവശ്യപ്പെട്ടത്.

ഡിവൈഎസ്‍പി രാധാകൃഷ്ണനും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സാലിക്കും കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‍പി മോഹന്‍ദാസും മാറിമാറി അന്വേഷിച്ചിട്ടും ഒരു ആര്‍എസ്‍എസ് പ്രവര്‍ത്തകനെപ്പോലും അറസ്റ്റു ചെയ്യാനായില്ല.

അന്വേഷണം കറങ്ങിത്തിരിഞ്ഞ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി രാജ്‍മോഹന്റെ കൈകളിലെത്തിയപ്പോള്‍ മൂന്നു പേരുടെ കൈകളില്‍ വിലങ്ങു വീണു.

കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ഏതാനും ദിവസം മുമ്പ് ചൊക്ലി മീത്തലെ ചാലില്‍ സുനില്‍കുമാര്‍ എന്ന കൊടി സുനി (25), നെടിയ കുനിയില്‍ കുയേരി ബിജു എന്ന പാച്ചൂട്ടി (25), എം കെ ജിത്തു എന്ന ജിതേഷ് (27) എന്നീ സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഗുണ്ടായിസം കാണിക്കുന്ന സംഘമാണിതെന്നും ഇവരാണ് ഫസലിനെ കൊന്നതെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്നയാളാണ് ഒന്നാം പ്രതി സുനില്‍ കുമാര്‍. ചോദ്യം ചെയ്യാനെന്ന നാട്യത്തില്‍ ഇവരെ ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

ഇവരെ അറസ്റ്റ് ചെയ്തതോടെ തലശേരിയിലെ സിപിഎം ഇളകി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ പ്രകടനവും പോസ്റ്ററൊട്ടിപ്പും കണ്ണൂരില്‍ നടന്നു. നേതാക്കളെ രക്ഷിക്കാന്‍ നിരപരാധികളെ കേസില്‍ കുടുക്കുകയാണെന്നായിരുന്നു ആക്ഷേപം. കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ പാര്‍ട്ടി പ്രതിപട്ടികയില്‍ ചേര്‍ത്തവര്‍ക്ക് വധശിക്ഷ കിട്ടിയപ്പോള്‍ പുകഞ്ഞു നീറിയത് ഈ കേസോടെ പുറത്തു വന്നു.

അതിനിടെ, പൊലീസ് ഒത്തുകളിക്കുകയാണെന്നും അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്നും ആരോപിച്ച് ഫസലിന്റെ വിധവ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

ഈ കേസിന്റെ വിചാരണയ്ക്കിടെ ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഫസല്‍ വധക്കേസില്‍ പാര്‍ട്ടി എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയം അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് ഈ കേസും അതിന്റെ അന്വേഷണവും.

സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മുതല്‍ സംസ്ഥാന നേതൃത്വം വരെ ഈ കേസില്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിച്ചാല്‍, പുറത്തു കേള്‍ക്കുന്നത് പലതും കളളക്കഥകളാണെന്ന് തെളിയുമോ? പാര്‍ട്ടി ഓഫീസുകളില്‍ നിന്നും നല്‍കുന്ന പ്രതിപ്പട്ടിക അപ്പാടെ വിശ്വസിച്ച് അറസ്റ്റ് നാടകം കളിക്കുന്ന പൊലീസിനും അത് തിരിച്ചടിയാകുമോ?

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X