കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ബദല്‍ അനിവാര്യമാണെന്ന് പ്രകാശ് കാരാട്ട്

  • By Staff
Google Oneindia Malayalam News

കോയന്പത്തൂര്‍: ദേശീയരാഷ്ട്രീയത്തില്‍ 'മൂന്നാംബദല്‍' രൂപംകൊള്ളേണ്ട സമയമായെന്നും അത് അനിവാര്യമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

സിപിഎം പത്തൊമ്പതാം പാര്‍ട്ടികോണ്‍ഗ്രസ് ശനിയാഴ്ച കോയമ്പത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ കേവലമായ തിരഞ്ഞെടുപ്പുസഖ്യമാവരുത് മൂന്നാംബദല്‍. സമാന ആശയക്കാര്‍ക്ക് ഒന്നിച്ചുനില്‍ക്കാനുള്ള പൊതുവേദിയാവണം അത്. ഇടതുകക്ഷികളോട് ഐക്യപ്പെടുന്ന ആശയങ്ങളുള്ള ജനാധിപത്യ_മതേതര കക്ഷികളുടെ പൊതുവേദിയായി മൂന്നാംബദല്‍ രൂപപ്പെടണമെന്ന് കാരാട്ട് പറഞ്ഞു.

ജനപക്ഷ സാമ്പത്തികനയങ്ങള്‍, സാമൂഹികനീതി, സ്വതന്ത്ര വിദേശനയം എന്നിവയും മൂന്നാംബദല്‍ രൂപവത്കരണത്തില്‍ മുഖ്യവിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യമിട്ടാണ് യുപിഎ സര്‍ക്കാരിനെ ഇടതുപാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നത്. എന്നാല്‍ വിദേശനയത്തിന്റെയും സാമ്പത്തികനയത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സിപിഎമ്മിന് പരസ്യമായിത്തന്നെ ഇടയേണ്ടിവന്നു.

അമേരിക്കയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മുന്‍ എന്‍ഡിഎ. സര്‍ക്കാര്‍ സ്വാഭാവിക സഖ്യകക്ഷിയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍ തന്ത്രപരമായ പങ്കാളിയുടെ മട്ടിലാണ്_ പ്രകാശ്കാരാട്ട് ആരോപിച്ചു.

കാര്‍ഷികരംഗത്തെ പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കൈകാര്യം ചെയ്യുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ഉചിതമായി പരിഷ്കരിക്കുകയാണെങ്കില്‍ കുറേക്കൂടി ആശ്വാസകരമാവും. എങ്കിലും പലവിധ കാരണങ്ങളാല്‍ കൃഷി ഇന്ന് കര്‍ഷകന് ലാഭകരമല്ല എന്നതാണ് അടിസ്ഥാനപ്രശ്നം.

ഇന്ത്യന്‍ സാമ്പത്തികമേഖലയുടെ വളര്‍ച്ചയും തെറ്റായ രീതിയിലാണ്. ഏതാനും പേര്‍ കോടീശ്വരന്മാരാവുന്ന രീതി നമുക്ക് ആവശ്യമില്ല. കര്‍ഷകരുടെ ആത്മഹത്യകളും പെരുകുന്ന തൊഴിലില്ലായ്മയും ഭക്ഷ്യരംഗത്തെ ദൌര്‍ലഭ്യവും പ്രധാന പ്രശ്നങ്ങളാണ്. ഇതിനകം സിപിഎം മുന്നോട്ടുവെച്ചിട്ടുള്ള ബദല്‍ സാമ്പത്തിക നിര്‍ദേശങ്ങള്‍ പൊതുവേദിക്ക് സഹായകരമാവും- കാരാട്ട് പറഞ്ഞു.

ആണവക്കരാറിന്റെ കാര്യത്തിലെന്നപോലെ റീട്ടെയില്‍ മേഖലയിലെ വിദേശനിക്ഷേപം, പെന്‍ഷന്‍ ഫണ്ട് സ്വകാര്യവത്കരിക്കല്‍, തൊഴില്‍നിയമങ്ങളിലെ ഉദാരവത്കരണം എന്നിവയും തടഞ്ഞത് ഇടതുകക്ഷികളാണ്. ജനങ്ങളുടെ താത്പര്യങ്ങളുടെ സംരക്ഷകരായാണ് ഈ കാര്യത്തില്‍ സിപിഎം പ്രവര്‍ത്തിച്ചതെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.

ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നതിനൊപ്പം ഇന്ത്യന്‍രാഷ്ട്രീയത്തില്‍ അവരെ ഒറ്റപ്പെടുത്തുക എന്നതും സിപിഎം ലക്ഷ്യമിടുന്നു. പാര്‍ട്ടികോണ്‍ഗ്രസ് അതിനുള്ള തന്ത്രങ്ങള്‍ക്ക് രൂപംനല്‍കും. ബിജെപിയുമായി ധാരണയുണ്ടാക്കി അധികാരത്തില്‍ എത്താമെന്ന ചിലകക്ഷികളുടെ അവസരവാദപരമായ നീക്കങ്ങള്‍ തടയേണ്ടതുണ്ട്. അതോടൊപ്പം ന്യൂനപക്ഷങ്ങളിലെ തീവ്രവാദത്തെയും സിപിഎം എതിര്‍ക്കും. വര്‍ഗീയശക്തികള്‍ക്ക് എതിരെ വിശാലമായ ബഹുജനമുന്നേറ്റം സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം നല്‍കുമെന്നും കാരാട്ട് പ്രഖ്യാപിച്ചു.

പിന്നീട് കരട്രാഷ്ട്രീയപ്രമേയത്തിന് ലഭിച്ച ഭേദഗതികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലും മൂന്നാംബദലിനായുള്ള ശ്രമം ആരംഭിച്ചതായി കാരാട്ട് പ്രതിനിധികളെ അറിയിച്ചു. യു.പി.എ.യിലെയും എന്‍.ഡി.എ.യിലെയും ചില ഘടകകക്ഷികളെ കൂടെ കൊണ്ടുവരാനാവും ശ്രമമെന്ന് കാരാട്ട് സൂചിപ്പിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും പൊളിറ്റ്ബ്യൂറോ അംഗവുമായ എം.കെ. പാന്ഥെ അധ്യക്ഷനായി. സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദനും പ്രതിനിധികളെ അഭിവാദ്യംചെയ്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X