സ്ത്രീയൊടൊപ്പം തട്ടിപ്പ്: സംഘം പിടിയില്‍
കോഴിക്കോട്: തങ്ങളുടെ സംഘത്തിലെ സ്ത്രീയുടെ സഹായത്തോടെ നല്ല സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ പുരുഷന്മാരെ കെണിയില്‍ കുടുക്കി പണം തട്ടിയെടുക്കുന്ന സംഘത്തെ പൊലീസ് കോഴിക്കോട്ട് പിടികൂടി.
പന്തീരന്‍കാവ് സ്വദേശി എസ്.സജി (38), വെള്ളിമാട്കുന്ന് സ്വദേശി പി.ജലീല്‍ (23), കല്ലാച്ചി സ്വദേശി എന്‍.കെ.റഫീഖ് (22), പ്രജിത (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ തട്ടിപ്പുരീതിയെ കുറിച്ച് പൊലീസ് വിശദീകരിച്ചത് ഇങ്ങനെ: നല്ല സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍ നിന്നു വരുന്ന പുരുഷന്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഈ നമ്പരുകളിലേക്ക് പ്രജിത മിസ്ഡ് കോളുകള്‍ അയക്കും. മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിക്കുന്നവരെ വലയിലാക്കാന്‍ പ്രജിത ശ്രമിക്കും. ബൈപാസ് റോഡിലോ വെസ്റ്റ് ഹില്ലിലോ കുന്ദമംഗലത്തോയുള്ള രഹസ്യസ്ഥലങ്ങളില്‍ വച്ച് കാണാനായി പ്രജിത ഇവരെ ക്ഷണിക്കും.
കാറുമായി വരണമെന്ന് പറഞ്ഞാണ് ഇവരെ പ്രജിത വിളിക്കാറ്. പ്രജിതയുടെ സംസാരത്തില്‍ മയങ്ങി അവരെ കാണാനെത്തുന്നവരുടെ അടുത്ത് ആദ്യം പ്രജിതയെത്തും. സംഘത്തിലെ പുരുഷന്‍മാര്‍ പിന്നീട് ഇവരുടെയടുത്തെത്തും. ഇവരെ കണ്ടയുടനെ പ്രജിത കരയാന്‍ തുടങ്ങും. അതോടെ സംഘാംഗങ്ങള്‍ ഭീഷണി തുടങ്ങും. വലയില്‍ കുടുങ്ങിയയാളില്‍ നിന്നും പണവും സ്വര്‍ണവും വാച്ചും മറ്റും കൈക്കലാക്കും. ബലം പ്രയോഗിച്ചും പണവും മറ്റും തട്ടിയെടുക്കാന്‍ ഇവര്‍ മടിക്കാറില്ല.
കഴിഞ്ഞ മൂന്ന് മാസമായി സംഘം ഈ വിധത്തില്‍ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications