ഐടി ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പുനടത്തിയയാളെ അറസ്റ്റുചെയ്‌തു
ബാംഗ്ലൂര്‍: വിപ്രോയടക്കമുള്ള കമ്പനികളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ആളെ കബ്ബണ്‍പാര്‍ക്ക് പൊലീസ് അറസ്റ്റുചെയ്‌തു.
ചിത്രദുര്‍ഗയിലെ ഭാഗ്യജ്യോതി നഗര്‍ നിവാസി മുഹമ്മദുള്ള ഹുസൈന്‍ ആണ് പിടിയിലായത്. വിപ്രോ, എച്ച്‌സിഎല്‍ എന്നീ കമ്പനികളുടെ സീനിയര്‍ മാനേജരാണെന്ന് ഉദ്യോഗാര്‍ത്ഥികളെ ധരിപ്പിച്ചാണ് ഇയാള്‍ കബളിപ്പിക്കല്‍ നടത്തിയത്.
കമ്പനികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിക്കാന്‍ ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെയും കൊണ്ട് ഐടി കമ്പനികള്‍ സന്ദര്‍ശിച്ചിരുന്നു. കമ്പനികളുടെ ലോഗോകള്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഇയാള്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇത്തരം രേഖകള്‍ ഉദ്യോഗാര്‍ത്ഥികളെ കാണിച്ച് ആ വഴിയ്‌ക്കും ഇയാള്‍ വിശ്വാസം നേടാന്‍ ശ്രമം നടത്തിയിട്ടുണ്ട്.
മാര്‍ച്ച് അഞ്ചിന് ചര്‍ച്ച് റോഡിലെ വിപ്രോ ഓഫീസിന് മുന്നില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് 73,000രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ബിഎന്‍എസ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഇയാള്‍ വിപ്രോയിലും എച്ച്‌സിഎല്ലിലും ജോലി ലഭിക്കാന്‍ 75,000 മതുല്‍ ഒരു ലക്ഷം വരെ രൂപയാണ് ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ പലരെയും പറ്റിച്ച് ഇന്റര്‍വ്യൂവിനാണെന്ന് പറഞ്ഞ് കമ്പനികളില്‍ കൊണ്ടുചെന്നിരുത്തിയശേഷം ഇയാള്‍ അപ്രത്യക്ഷനാവുകയാണത്രേ പതിവ്.
ഇയാളുടെ പേരില്‍ പത്ത് സിംകാര്‍ഡുകളുണ്ട്. ഇയാളുടെ കള്ളത്തരത്തിന് ഇരയായ അവസാനത്തെയാള്‍ക്ക് ഇയാളുടെ മൂന്ന് നമ്പറുകളില്‍ നിന്നാണ് കോള്‍ വന്നത്. ഈ നമ്പുറുകള്‍ പിന്തുടര്‍ന്നാണ് പൊലീസ് ഹുസൈനെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഹുസൈന്‍ എല്ലാകാര്യങ്ങളും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന ഇയാളില്‍ നിന്നും പൊലീസ് പണവും ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളുടെ റസ്യൂമെകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥരെ കണ്ടെത്തി അവരില്‍ നിന്നുംകൂടി വിവരങ്ങള്‍ ശേഖരിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications