ഗൂഗിളിലൂടെ രാകേഷ് വീട് കണ്ടെത്തി
ആഗ്ര: വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് നഷ്ടപ്പെട്ട വീടാണ് ഗൂഗിള്‍ എര്‍ത്തിലൂടെ ഇരുപതുകാരനായ രാകേഷ് കണ്ടെത്തിയത്. ഇപ്പോള്‍ തന്റെ വീടും സ്ഥലവും തിരികെ കിട്ടുന്നതിനുള്ള പോരാട്ടത്തിലാണ് രാകേഷ്.
ചെറുപ്രായത്തിലേ കമ്പ്യൂട്ടറുകളുടെ ലോകത്തില്‍ തത്പരനായിരുന്ന രാകേഷ് ഇന്റര്‍നെറ്റിലൂടെ ആഗ്രയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള കിരോളിയിലാണ് തന്റെ വീടെന്ന് കണ്ടെത്തുകയായിരുന്നു. ഏഴ് വയസില്‍ വീട് വിട്ട തനിക്ക് ഗ്രാമത്തിന്റെ പേരറിയാമായിരുന്നെന്നും പക്ഷേ അത് ഇന്ത്യയില്‍ എവിടെയാണെന്ന് നിശ്ചയമുണ്ടായിരുന്നില്ലെന്നും രാകേഷ് പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി തന്റെ വീടും സ്ഥലവും അമ്മാവനില്‍ നിന്നും തിരികെ കിട്ടാനായി രാകേഷ് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഏഴാം വയസില്‍ അച്ഛന്‍ മരിച്ചതിനു ശേഷം അമ്മാവന്‍ തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് രാകേഷ് പറയുന്നു.
അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കുകയും അവര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണമടയുകയും ചെയ്തു. അമ്മാവന്റെ പീഡനം സഹിക്ക വയ്യാതെയാണ് ഏഴാം വയസില്‍ താന്‍ വീട് വിട്ടത്. വീട് വിട്ടതിനു ശേഷം റെയില്‍വേ സ്റ്റേഷനുകളായി തന്റെ വീടുകളെന്നും രാകേഷ് പറയുന്നു.
ഉത്തരേന്ത്യയിലെ ഒരു മുസ്ലിം കുടുംബം തീവണ്ടിയില്‍ വച്ച് രാകേഷിനെ കാണുകയും അവനോടുള്ള സഹാനുഭൂതിയില്‍ തങ്ങള്‍ക്കൊപ്പം പോരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. രാകേഷിന്റെ സംരക്ഷണം ഏറ്റെടുത്ത അവര്‍ അവനെ വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.
ഗൂഗിള്‍ എര്‍ത്തിലൂടെ തന്റെ ഗ്രാമമെവിടെയെന്ന് കണ്ടെത്തിയ രാകേഷ് അവിടം സന്ദര്‍ശിക്കുകയും തന്റെ ബന്ധുക്കളെ കാണുകയും ചെയ്തു. അമ്മാവന്‍ തന്നെ അംഗീകരിക്കാന്‍ തയ്യാറല്ലെങ്കിലും വീടും സ്ഥലവും തിരികെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാകേഷ്.












Click it and Unblock the Notifications