കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടാമംഗലം സദാനന്ദന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

Kedamangalam Sadanandan പറവൂര്‍: പ്രശസ്‌ത കാഥികന്‍ കെടാമംഗലം സദാനന്ദന്‍ (84) അന്തരിച്ചു. ഞായറഴ്ച രാവിലെ ഒമ്പതരയോടെ പറവൂരിലെ വസതിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

കേരളത്തില്‍ സാംബശിവനു ശേഷം ഏറ്റവുമധികം സ്റ്റേജുകളില്‍ കഥ പറഞ്ഞിട്ടുള്ള കാഥികനാണ് കെടാമംഗലം. ചങ്ങമ്പുഴയുടെ രമണന്‍, കര്‍ണന്‍, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, വള്ളത്തോളിന്റെ മഗ്ദലന മറിയം, വിക്ടര്‍ ഹ്യൂഗോയുടെ ചിരിക്കുന്ന മനുഷ്യന്‍, സ്വന്തം കഥകളായ അവന്‍ വീണ്ടും ജയിലിലേക്ക്‌, അഗ്നിപരീക്ഷ, അഹല്യ, അഗ്നിനക്ഷത്രം, അമ്മ, മനയും മാടവും, അങ്കക്കളരി തുടങ്ങിയവ പ്രശസ്‌ത കഥകളാണ്‌.

തസ്കരവീരന്‍, മരുമകള്‍, ലില്ലി, ചതുരംഗം, ഉമ്മിണിത്തങ്ക, അരപ്പവന്‍ തുടങ്ങി മുപ്പത്തിരണ്ടോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്‌. 12 തിരക്കഥകളെഴുതി. നൂറോളം സിനിമകള്‍ക്ക്‌ ഗാനരചന നടത്തി.

ആറ് പതിറ്റാണ്ടിലേറെ കഥാപ്രസംഗ വേദിയിലെ സാന്നിധ്യമായിരുന്ന കെടാമംഗലം 15,000 ലധികം വേദികളില്‍ കഥ അവതരിപ്പിച്ചിട്ടുണ്ട്. 2007 മേയ്‌ 10നാണ് ഏറ്റവുമൊടുവില്‍ വേദിയില്‍ കഥയവതരിപ്പിച്ചത്. സ്വന്തം നാടായ പറവൂരിലെ ടൗണ്‍ഹാള്‍ വേദിയില്‍ നടത്തിയ കഥാപ്രസംഗം കഥാപ്രസംഗത്തോടുള്ള വിടപറച്ചില്‍ കൂടിയായിരുന്നു.

കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്‌, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്നം ബഹുമതി, സാഹിത്യ ദീപികയുടെ കലാതിലകം അവാര്‍ഡ്‌, വി. സാംബശിവന്‍ ഫൗണ്ടേഷന്റെ സാംബശിവന്‍ ധന്യകേരള പ്രവീണ്‍ പുരസ്കാരം, ടി.എ. മജീദ്‌ അവാര്‍ഡ്‌ എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

കെ.വി. പൊന്നമ്മയാണ്‌ ഭാര്യ. കെ.എസ്‌. ജിജി, കെ.എസ്‌. മനോജ്‌ എന്നിവര്‍ മക്കളാണ്‌. സംസ്കാരം നാളെ രാവിലെ പത്തിന്‌ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X