കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫില്‍ എടുത്തില്ലെങ്കില്‍ മൂന്നാം മുന്നണിയുണ്ടാക്കുമെന്ന് മുരളീധരന്‍

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: എല്‍ഡിഎഫില്‍ എടുത്തില്ലെങ്കില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇല്ലാതെ കേരളത്തില്‍ മൂന്നാംമുന്നണിയുണ്ടാക്കുമെന്ന്‌ എന്‍സിപി സംസ്ഥാനസമ്മേളനത്തില്‍ പ്രസിഡന്റ്‌ കെ. മുരളീധരന്‍ അറിയിച്ചു.

വ്യക്തിയുടെ പേരില്‍ അകറ്റാതെ ജനാധിപത്യമതേതരത്വബദലിന്‌ അനുകൂലമായ സമീപനം എന്‍സിപിയുടെ കാര്യത്തില്‍ എല്‍ഡിഎഫ്‌ കൈക്കൊള്ളണമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരായ നിലപാട്‌ കൈക്കൊള്ളുമെന്നും പ്രഖ്യാപിക്കുന്ന രാഷ്ട്രീയപ്രമേയം സമ്മേളനം അംഗീകരിച്ചു.

എന്‍സിപി ഒരിക്കലും എല്‍ഡിഎഫില്‍ നിന്ന്‌ പുറത്തുപോയിട്ടില്ല. ഒരു മുടന്തന്‍ ന്യായത്തിന്റെ പേരില്‍ എല്‍ഡിഎഫ്‌ പുറത്താക്കിയതുകൊണ്ട്‌ യുഡിഎഫിലേക്ക്‌ പോകാനാവില്ല.

പാര്‍ട്ടി ദീര്‍ഘകാലം ഇടതുമുന്നണിയില്‍ ആയിരുന്നുവെന്നും സംസ്ഥാനഘടകം തീരുമാനമെടുക്കണമെന്നുമാണ്‌ ശരത്‌പവാര്‍ അറിയിച്ചത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയെ എല്‍ഡിഎഫ്‌ ഒപ്പം നിര്‍ത്തിയെങ്കില്‍ പ്രതിപക്ഷത്ത്‌ കോണ്‍ഗ്രസ്‌ ഉണ്ടാകുമായിരുന്നില്ല. ബംഗാളിലേതു പോലെ ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ ഭരണത്തിന്‌ ഇടയാകുമായിരുന്നു.

വരുന്ന തിരഞ്ഞെടുപ്പിലും യുഡിഎഫ്‌-ബിജെപി സഖ്യമുണ്ടാകും. എന്‍സിപി പിന്തുണയോടെയേ ഇതിനെ മറികടക്കാനാകൂ. എല്‍ഡിഎഫ്‌വേണ്ടെന്നു വെച്ചാല്‍ മുന്നണികളിലെ സമാനമനസ്‌കരെ ഉള്‍പ്പെടുത്തി മൂന്നാംമുന്നണിയുണ്ടാക്കും-സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗത്തില്‍ മുരളീധരന്‍ വ്യക്തമാക്കി.

നേരത്തെ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. സമ്മേളനം മുമ്പാകെ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം ദേശീയതലത്തില്‍ എന്‍സിപിയും ഇടതുപക്ഷങ്ങളും സ്വീകരിക്കുന്ന സമാനനിലപാടുകള്‍ ഉയര്‍ത്തിക്കാട്ടുന്നു. കോണ്‍ഗ്രസ്‌ 'ഐ'യെ സഹായിക്കുന്ന ഒരു നിലപാടും ഇടതുപക്ഷം കേരളത്തില്‍ എടുക്കാന്‍ പാടില്ലാത്തതാണ്‌. ഇക്കാര്യത്തില്‍ ഇടതുചേരിയില്‍ പലരുടെയും നിസ്സംഗതയെ നിര്‍ഭാഗ്യകരമെന്നും പ്രമേയം വിശേഷിപ്പിക്കുന്നു.

ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തലുണ്ട്‌. ഈ പരാജയം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സര്‍ക്കാരിന്റെ ജനപിന്തുണയില്‍ ചില അടിയൊഴുക്കുകള്‍ ഉണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

മാറിയ സാഹചര്യത്തില്‍ തങ്ങളെ അകറ്റിനിര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫിന്‌ കഴിയില്ലെന്ന സൂചനയാണ്‌ എന്‍സിപിയുടെ പ്രമേയം നല്‍കുന്നത്‌. കെ. കരുണാകരനെക്കുറിച്ചോ അദ്ദേഹത്തിന്റെ തിരികെപ്പോക്കിനെ കുറിച്ചോ ഒന്നും പറയുന്നുമില്ല. .

എല്‍.ഡി.എഫ്‌. മുന്നണിയില്‍ തിരിച്ചെടുക്കണമെന്ന്‌ പ്രമേയം സൂചനകള്‍ നല്‍കിയതല്ലാതെ നേരിട്ട്‌ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന്‌ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു. ഇതേത്തുടര്‍ന്നാണ്‌ എല്‍.ഡി.എഫില്‍ എടുത്തില്ലെങ്കില്‍ മൂന്നാംമുന്നണിയെന്ന നയം മുരളീധരന്‍ വ്യക്തമാക്കിയത്‌. ഡിഐസി ലയിച്ചശേഷമുള്ള ആദ്യസമ്മേളനമായിരുന്നു തൃശ്ശൂരിലേത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X