നാഗരിക സ്‌ത്രീകള്‍ക്കിടയില്‍ മദ്യപാനം വര്‍ധിക്കുന്നു
മുംബൈ: തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയതായി ഗവേഷണ റിപ്പോര്‍ട്ട്.
ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന ഉദ്യോഗസ്ഥകളായ യുവതികള്‍ക്കിടയില്‍ മദ്യപാനം കൂടിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ത്രീകള്‍ മദ്യപിക്കുകയെന്നത് ഒരു വലിയ അപരാധമായി കാണുന്ന സമൂഹമായിരുന്നു ഇന്ത്യയിലേത്.
എന്നാല്‍ ഇപ്പോള്‍ സ്‌ത്രീകള്‍ മദ്യപിക്കുന്നത് വലിയ കുഴപ്പമൊന്നുമില്ലെന്ന രീതിയിലേയ്‌ക്ക് കാര്യങ്ങള്‍ മാറി. വിദ്യാഭ്യാസ നിലവാരം ഉയരുകയും നാഗരിക ജീവിതത്തിന്റെ ഗതി മാറുകയും ജോലിസാധ്യതകള്‍ വര്‍ധിക്കുകയും ചെയ്‌തതാണ് യുവതികളില്‍ മദ്യപാനം കൂടാനിടയാക്കിയ പ്രധാന സാഹചര്യങ്ങള്‍.
പഴയതിലേറെ സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച് കൊടുക്കുന്ന പുതിയ കുടുംബപഞ്ചാത്തലങ്ങളും ഇതിന് കാരണമാകുന്നുണ്ട്. ജീവിതത്തിലെ ഒറ്റപ്പെടലുകളും വിവാഹജീവിതത്തിലെ പരാജയങ്ങളും കാരണം മദ്യപാനികളായിത്തീരുന്ന സ്‌ത്രീകളുടെ എണ്ണവും കുറവല്ല. സ്വന്തമായി ജോലിചെയ്‌ത് സമ്പാദിക്കുന്ന പെണ്‍കുട്ടികള്‍ മദ്യപിക്കുന്നത് തെറ്റല്ലെന്ന ധാരണയുള്ള രക്ഷിതാക്കളുടെ എണ്ണവും കൂടിവരുകയാണ്.
മദ്യപിക്കുന്ന സ്‌ത്രീകളുടെ വൈകാരികാവസ്ഥയിലും സ്വഭാവത്തിലും ആരോഗ്യത്തിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരോഗ്യവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് മദ്യപിക്കുന്നവരില്‍ 10ശതമാനം പേര്‍ വനിതകളാണ്. എന്നാല്‍ സമൂഹത്തിലെ ഇടത്തരക്കാര്‍ക്കിടയില്‍ സ്ത്രീകള്‍ മദ്യപിക്കുകയെന്നത് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ സമൂഹത്തില്‍ തീര്‍ത്തും താഴേക്കിടയിലുള്ളവരാകട്ടെ ഇതൊരു വലിയ പ്രശ്നമായി കാണുന്നില്ല.












Click it and Unblock the Notifications