മാനഭംഗം തടഞ്ഞതിന് അമ്മയെയും മകളെയും നഗ്നരാക്കി നടത്തി
ജയ്‌പൂര്‍: രാജസ്ഥാനിലെ അജ്‌മീറിലെ സിഹാര്‍ ഗ്രാമത്തില്‍ മാനഭംഗ ശ്രമം ചെറുത്തതിന് ദളിത് പെണ്‍കുട്ടിയെയും അമ്മയെയും ഉയര്‍ന്ന ജാതിക്കാരായ രണ്ട് ജാട്ട് യുവാക്കള്‍ നഗ്നരാക്കുകയും മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു.
കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ പതിനാറുകാരിയായ രാംകന്യയെ ബലം പിടിച്ചിറക്കി കൊണ്ടു പോകാന്‍ ശ്രമിച്ചു.
പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ വസ്‌ത്രങ്ങള്‍ വലിച്ചു കീറി. മകളെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചവരെ തടയാനെത്തിയ അമ്മ ഭൂലിബായിയുടെയും തുണിയുരിഞ്ഞു. തുടര്‍ന്ന് ഇരുവരെയും മര്‍ദ്ദിയ്‌ക്കുകയും വീടിന് പുറത്തേക്ക് വലിച്ചിഴച്ച് ഗ്രാമീണരുടെ മുമ്പാകെ പ്രദര്‍ശിപ്പിയ്‌ക്കുകയും ചെയ്‌തു.
പരാതി നല്‌കിയാല്‍ ഗ്രാമത്തില്‍ നിന്ന് അടിച്ചോടിയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയതു മൂലം ഇവര്‍ ആദ്യം പരാതിയൊന്നും നല്‌കിയിരുന്നില്ല. ഗ്രാമത്തില്‍ തങ്ങിയാല്‍ ജീവന് ഭീഷണിയാകുമെന്ന് ഭയന്ന് ഭുലിബായിയുടെ കുടുംബം കെക്രിയിലെ ഡിവൈഎസ്‌പി ഓഫീസില്‍ അഭയം തേടി.
തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്. പോലീസ് ഗ്രാമത്തിലെത്തി അന്വേഷണം നടത്തിയെങ്കിലും ഭീതി മൂലം സംഭവം പുറത്തു പറയാന്‍ ഗ്രാമീണര്‍ മടിയ്‌ക്കുകയാണ്.
ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ ദളിത് പീഡന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications