ആഭാസകരമായ ചിത്രീകരണം: നിയമം ഭേദഗതി ചെയ്യണമെന്ന് വനിതാ കമ്മീഷന്‍
ദില്ലി: സ്‌ത്രീകളെ ആഭാസരമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള പോരായ്‌മകള്‍ നികത്തിക്കൊണ്ടുള്ള ഭേദഗതി നിര്‍ദ്ദേശം കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിനും വനിത, ശിശുക്ഷേമ മന്ത്രാലയത്തിനും വനിതാ കമ്മീഷന്‍ സമര്‍പ്പിക്കും. ഇന്റര്‍നെറ്റ് വഴി നീലച്ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷനല്‍കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.
പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ സ്‌ത്രീകളെ അഭാസകരമായി ചിത്രീകരിക്കുന്നതും അശ്ലീലചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍, പുസ്‌തകങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതും ഇപ്പോഴത്തെ നിയമത്തില്‍ നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ കുട്ടികളെയും സ്‌ത്രീകളെയും സീരിയലുകളിലും സിനിമകളിലും മറ്റും ആഭാസകരമായി ചിത്രീകരിക്കുന്നത് തടയാന്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയ വനതി കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ് പറഞ്ഞു.
നിയമങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലാണ് ഇപ്പോഴത്തെ പല സീരിയലുകളിലും സ്‌ത്രീകളെ ചിത്രീകരിക്കുന്നത്. വിവാഹമോചനം നേടാതെ തന്നെ ഒരു വര്‍ഷം രണ്ടും മൂന്നും വിവാഹം കഴിക്കുന്ന രീതിയും ചില സീരിയലുകളില്‍ കാണാം- അവര്‍ പറഞ്ഞു.
എംഎംഎസ്, എസ്‌എംഎസ് എന്നിവ വഴിയും സ്‌ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുണ്ട്. നിയമം പാസാക്കിയ സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് നിയമം ഭേദഗതികളോടെ പുതുക്കാന്‍ തീരുമാനിച്ചത്- അവര്‍ അറിയിച്ചു
പരസ്യങ്ങളില്‍ സ്‌ത്രീകള്‍ മോശമായി ചിത്രീകരിക്കപ്പെടാതിരിക്കാന്‍ ഏജന്‍സികള്‍ സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, മാധ്യമങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേക ഏജന്‍സി സ്ഥാപിക്കുക, നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം 10,000 രൂപ പിഴയും തുടര്‍ന്ന് ആറുമാസത്തെ തടവും നല്‍കുക തുടങ്ങിയവയാണ് കമ്മീഷന്‍ മുന്നോട്ടുവയ്‌ക്കാന്‍ പോകുന്ന നിര്‍ദ്ദേശങ്ങള്‍. ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുകയുള്ളു.












Click it and Unblock the Notifications