പരസ്യ തെളിവെടുപ്പ്; വനിതാ കമ്മീഷനെതിരെ പരാതി
തൊടുപുഴ: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ഫോണില്‍ പരാതിലഭിച്ചതിനെത്തുടര്‍ന്ന് പരസ്യമായി തെളിവെടുപ്പ് നടത്തിയ വനിതാ കമ്മീഷനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിയമനടപടിയ്‌ക്ക്.
വനിതാ കമ്മീഷന്‍ അംഗം പി.കെ സൈനബയ്‌ക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ നടപടിക്കൊരുങ്ങുന്നത്. ഫോണില്‍ പരാതി കിട്ടിയിതിനെത്തുടര്‍ന്ന് ജൂണ്‍ 24ന് ഈരാറ്റുപേട്ട മേലുകാവില്‍ പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരെയും പെണ്‍കുട്ടിയുടെ പിതാവിനെയും വനിതാ കമ്മീഷന്‍ നേരില്‍ക്കണ്ട് മൊഴിയെടുക്കുകയായിരുന്നു.
ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്‌തിരുന്നു. വനിതാ കമ്മീഷന്റെ അന്വേഷണം പരസ്യമായതോടെ നാട്ടുകാര്‍ കുട്ടിയുടെ വീട്ടുകാരെ ഒറ്റപ്പെടുത്തുകയും തുടര്‍ന്ന് കുട്ടി മാനസികമായി തകരുകയും ചെയ്‌തു. ഇതോടെ മേലുകാവില്‍ നിന്നും കുടുംബം ഇലപ്പള്ളി മലയിലേയ്‌ക്ക് താമസം മാറ്റി.
നാട്ടിലെ ചിലര്‍ ദുരുദ്ദേശ്യത്തോടെ തന്റെ മകളെ സമീപിച്ചപ്പോള്‍ അതിനെ എതിര്‍ത്തതുകൊണ്ടാണ് കമ്മീഷനെ വിളിച്ച് ഫോണില്‍ വ്യാജ പരാതി നല്‍കിയതെന്നാണ് കുട്ടിയുടെ പിതാവ് വിസി ദേവസ്യ പറയുന്നത്.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടി ഗര്‍ഭിണിയാണോയെന്ന് പരസ്യമായി അന്വേഷിച്ചത് കുടുംബത്തെയും പെണ്‍കുട്ടിയുടെ ഭാവിയെയും തകര്‍ത്തതായും ഇതിനാല്‍ വനിതാ കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നും പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications