റിപ്പോ നിരക്ക് കൂട്ടി: ഓഹരി വിപണി ഇടിഞ്ഞു
ദില്ലി: പണപ്പെരുപ്പ നിരക്ക് നിയന്ത്രിയ്‌ക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അരശതമാനം വര്‍ദ്ധിപ്പിച്ചു. കരുതല്‍ ധനാനുപാതത്തില്‍ കാല്‍ ശതമാന വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്.
പുതുക്കിയ ധനാനുപാതം ആഗസ്റ്റ് 30നാണ് നിലവില്‍ വരിക. റിപ്പോ നിരക്ക് വര്‍ദ്ധിപ്പിയ്‌ക്കാനുള്ള ബാങ്കിന്റെ തീരുമാനം പുറത്തു വന്നത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.
കുറച്ചു ദിവസങ്ങളായി മുന്നോട്ടു കുതിച്ചിരുന്ന ഓഹരി വിപണി പ്രഖ്യാപനം വന്നതോടെ കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 14,000 പോയിന്റ് താഴേക്ക് പോയി. ചൊവ്വാഴ്‌ച രാവിലെ മാത്രം 510 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സില്‍ ഉണ്ടായത്. നിഫ്‌റ്റി 145 പോയിന്റ് ഇടിഞ്ഞ് 4186ലെത്തി നില്‌ക്കുകയാണ്.
റിപ്പോ നിരക്കുകളിലെ വര്‍ദ്ധനയോടെ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക് ഉയരുമെന്ന കാര്യമുറപ്പായിട്ടുണ്ട്. വാഹന, ഭവന, സ്വകാര്യ വായ്‌പകളുടെയെല്ലാം പലിശ നിരക്ക് വര്‍ദ്ധിയ്‌ക്കും. ഭവന വായ്‌പയും മറ്റും വര്‍ദ്ധിയ്‌ക്കുന്നത് സാധരണക്കാന്റെ ഇപ്പോഴത്തെ കുടുംബ ബജറ്റിനെ തകിടം മറിയ്‌ക്കും.
വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിയ്‌ക്കുകയാണ് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതിലൂടെ ബാങ്ക് ഉദ്ദേശിയ്‌ക്കുന്നത്. ഇതിന്റെ ഫലമായി പണപ്പെരുപ്പ നിരക്കിലും കുറവും വരും. നിരക്ക് അഞ്ചു ശതമാനത്തിലേക്ക് താഴ്‌ത്തിക്കൊണ്ടു വരികയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.


Click it and Unblock the Notifications