വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞ് അനാഥയായി ആശുപത്രിയില്‍
ജയ്‌പൂര്‍: പ്രസവിച്ച വാടക അമ്മയും യഥാര്‍ത്ഥ അമ്മയും കയ്യൊഴിഞ്ഞതോടെ അനാഥയായ കുഞ്ഞ് പതിനൊന്ന് നാള്‍ പിന്നിടുന്നു. ജപ്പാനിലെ ടോക്കിയോയിലുള്ള ഡോക്ടര്‍ ഇക്‌ഫുമി യമാദ(45), ഭാര്യ യൂക്കി യമാദ(41) എന്നിവര്‍ക്കുവേണ്ടി വാടക മാതാവ് ജന്മം നല്‍കിയ പെണ്‍കുഞ്ഞാണ് ഇവരുടെ ദാമ്പത്യ പ്രശ്‌നത്തെത്തുടര്‍ന്ന് അനാഥയായത്.
ഗുജറാത്തിലെ ആനന്ദിലെ അകന്‍ഷാ ഐവിഎഫ് സെന്ററിലാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍ നയന പട്ടേലാണ് വിദേശ ദമ്പതികള്‍ക്ക് വാടക അമ്മയെ തരപ്പെടുത്തിക്കൊടുത്തത്. ടോക്കിയോയിലെ ഒരു ആശുപത്രിയില്‍ അസ്ഥിരോഗവിദഗ്‌ധനായ ഇക്‌ഫുമി രത്‌ന വ്യാപാരിയായ ഒരു സൃഹൃത്തുവഴിയാണ് വാടക ഗര്‍ഭപാത്രം തേടി ഇവിടെയെത്തിയത്.
2007 നവംബര്‍ 22നാണ് അഹമദാബാദിലെ ഭായിമേത്തയുടെ ഭാര്യ പ്രീതിമേത്തയുമായി കുഞ്ഞിനെ പ്രസവിച്ച് നല്‍കാനായി ഇവര്‍ കരാറുണ്ടാക്കിയത്. ടോക്കിയോയിലെ ആശുപത്രിയില്‍വച്ച് ദമ്പതികളുടെ അണ്ഡവും ബീജവും ശേഖരിച്ച് അവിടെത്തന്നെ കൃത്രിമ ബീജസങ്കലനം നടത്തി ഭ്രൂണമാക്കി ഇന്ത്യയിലെത്തിക്കുകയായിരുന്നു.
ദമ്പതികളുടെ സാന്നിധ്യത്തില്‍ ഭ്രൂണം ആനന്ദ് ആശുപത്രിയില്‍വച്ച് വാടക മാതാവായ പ്രീതി ബെന്‍ മേത്തയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 25ന് പ്രീതി ബെന്‍പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് കുഞ്ഞ് ജനിച്ച വിവരം യമാദ ദമ്പതികളെ അറിയിച്ചു. എന്നാല്‍ ഇതിനിടെ ദാമ്പത്യപ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും വിവാഹമോചനം നേടിയിരുന്നു.
കരാര്‍ തുക നേരത്തേ നല്‍കിയതിനാല്‍ വാടക മാതാവ് കുഞ്ഞിനെ ആശുപത്രി അധികൃതര്‍ക്ക് നല്‍കി വീട്ടിലേയ്‌ക്ക് മടങ്ങി. കുഞ്ഞിനെ കൊണ്ടുപോകാനായി ആദ്യം ഇക്‌ഫുമി യമാദയുടെ മാതാവ് എഴുപതുകാരി അമികോ വന്നിരുന്നു. എന്നാല്‍ ദമ്പതികള്‍ ഇല്ലാതെ കുഞ്ഞിനെ കൊണ്ടുപോകാന്‍ കഴിയാഞ്ഞ് ഇവര്‍ ആശുപത്രിയില്‍ത്തന്നെ തങ്ങുകയായിരുന്നു.
അടുത്ത ദിവസം തന്നെ ഇക്‌ഫുമി എത്തിയെങ്കിലും കുഞ്ഞിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുപോകാന്‍ പാസ്‌പോര്‍ടും മറ്റ് രേഖകളും കിട്ടിയില്ല. പുരുഷന്‍ മാത്രമായി പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ കഴിയില്ലെന്ന നിയമമുള്ളതിനാല്‍ കുഞ്ഞിനെ കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥിയിലാണ് അക്‌ഫുമി.
1890ലെ ദത്തെടുക്കല്‍ നിയമം മാത്രമാണ് ഈ കാര്യത്തില്‍ പരിഗണിക്കുക. അല്ലാതെ വാടകമാതൃത്വം സംബന്ധിച്ച് നിയമങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തിനാല്‍ കുഞ്ഞിനെ കൊണ്ടുപോകാന്‍ കരാര്‍ നല്‍കിയ ആള്‍ക്ക് കഴിയില്ല.
സാധാരണഗതിയില്‍ ഗര്‍ഭിണിയാണെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി വിദേശത്തുനിന്നെത്തുകയും ഇന്ത്യയില്‍ പ്രസവിച്ചെന്ന് രേഖയുണ്ടാക്കി ആശുപത്രി അധികതൃതര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്തേയ്‌ക്ക് മടങ്ങാന്‍ പാസ്‌പോര്‍ട്ട് നല്‍കുകയും ചെയ്യും. എന്നാല്‍ മാതാവില്ലാതെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനോ കുഞ്ഞിനെ കൊണ്ടുപോകാനോ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications