ടോട്ടല്‍ ഫോര്‍ യൂ ഉടമ ശബരിനാഥ് പിടിയില്‍
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യൂ, ടോട്ടല്‍ മ്യൂസിക് എന്നീ സ്ഥാപനങ്ങളിലൂടെ നിക്ഷേകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത ശബരീനാഥ് പോലീസ് പിടിയിലായി. അതെ സമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഗുണ്ടാസംഘം പോലീസിന് ഇയാളെ കൈമാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 200 കോടിയിലേറെ രൂപ ശബരീനാഥ് തട്ടിച്ചുവെന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ശബരിയ്‌ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു.
ശബരീനാഥ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടെന്ന് പോലീസിന് സൂചന കിട്ടിയിരുന്നു. രണ്ട് ദിവസത്തിനിടെ 34 ഓളം മൊബൈല്‍ നമ്പറുകള്‍ ഇയാള്‍ മാറി മാറി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരു സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് ശബരിനാഥിനെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിയ്‌ക്കുന്നത്.
പ്രായത്തിന്റെ പക്വതയില്ലായ്‌മയും ധൂര്‍ത്തും കൂടെയുള്ളവരുടെ ചതിയുമാണ് ഈ പത്തൊമ്പതുകാരന്റെ പതനത്തിലേക്കുള്ള വഴി തെളിച്ചത്.
വിദേശ കാറുകളും സംഗീതവും സിനിമയുമായിരുന്നു ശബരിയുടെ പ്രധാന ആഡംബരങ്ങള്‍. സംഗീത ഭ്രമം മൂത്ത് തിരുവനന്തപുരത്ത് ടോട്‌സ് മ്യൂസിക് എന്ന അത്യാധുനിക സ്‌റ്റുഡിയോ ഇയാള്‍ ആരംഭിച്ചു. ടോട്‌സ് മ്യൂസിക് എന്ന പേരില്‍ ടിവി ചാനല്‍ തുടങ്ങാനും ശബരിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു.
ലക്ഷങ്ങള്‍ മുടക്കി പാര്‍ട്ടികള്‍ സംഘടിപ്പിച്ചും ഈ യുവാവ് തന്റെ വീഴ്‌ചയുടെ വേഗത കൂട്ടി. ശബരിയുടെ പേരില്‍ ബിഎംഡബ്ല്യു അടക്കമുള്ള 15 ഓളം കാറുകള്‍ പോലീസ് കണ്ടെടുത്തത് ആഡംബരത്തിന്റെ തെളിവാണ്.
ഒന്നുമില്ലായ്‌മയില്‍ നിന്നും പറന്നുയര്‍ന്ന ശബരിയെ നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളും ശബരിനാഥ് മാഡം എന്ന് വിളിയ്‌ക്കുന്ന സിഡ്‌കോ ജീവനക്കാരിയുമായിരുന്നു.
ഇവര്‍ തന്നെയാണ് ശബരിയുടെ പതനത്തിനും വഴിമരുന്നിട്ടത്. നിക്ഷേപകരുടെ വിവരങ്ങളെല്ലാം ഈ ഗുണ്ടാസംഘങ്ങള്‍ കടത്തിക്കൊണ്ടു പോയപ്പോള്‍ സിഡ്‌കോ ജീവനക്കാരി ശബരിയുടെ അക്കൗണ്ടിലെ പണം തട്ടിയെടുത്തുവെന്നുമാണ് സൂചനകള്‍.
ബാലരാമപുരത്ത് കോടികള്‍ വിലമതിയ്‌ക്കുന്ന ശബരിയുടെ വീട്ടില്‍ മുത്തശ്ശി മാത്രമേയുള്ളൂ. ഈ വീടിന്റെ ആസ്‌തിയെപ്പറ്റിയും ഞെട്ടിയ്‌ക്കുന്ന കണക്കുകളാണ് വെളിപ്പെട്ടിരിയ്‌ക്കുന്നത്.












Click it and Unblock the Notifications