പ്രതിശ്രുത വധുവിനെ കൊന്ന്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു
ദില്ലി: പ്രതിശ്രുത വധുവിനെയും സഹോദരിയെയും കൊലപ്പെടുത്തിയശേഷം 24കാരനായ യുവാവ് ആത്മഹത്യ ചെയ്തു. പടിഞ്ഞാറന് ദില്ലിയിലെ ഉത്തംനഗര് സ്വദേശി യശ്പാല് ആണ് ദില്ലിയിലെ ബിന്ദാപ്പൂരില് താമസിക്കുന്ന ദീപ(18), ഗീത (26) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ഏതാനും കാര്യങ്ങള് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണത്രേ യശ്പാല് ദീപയുടെ വീട്ടിലെത്തിയത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ദീപയുടെ സഹോദരിയായ ഗീതയെയും മുറിയിലേയ്ക്ക് വിളിച്ചു. തുടര്ന്ന് വാതില് അകത്തുനിന്നും കുറ്റിയിട്ടശേഷം ഇരുവരെയും കത്തികൊണ്ടു കുത്തുകയായിരുന്നു.
നിലവിളികേട്ട് അയല്ക്കാരെത്തി വാതില് തല്ലിപ്പൊളിച്ചെങ്കിലും യുവതികളെ രക്തത്തില് കുളിച്ചനിലയിലും യശ്പാലിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടത്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. കൊലപാതക കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2007ലാണ് ദീപയുടെയും യശ്പാലിന്റെയും വിവാഹം തീരുമാനിച്ചത്. 2009ലെ ഹോളികാലത്ത് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല് ഇതിനിടെ യശ്പാലിന്റെ പിതാവ് തന്നെ വിളിച്ച് എത്ര സ്ത്രീധനം കൊടുക്കുമെന്ന് ചോദിച്ചിരുന്നുവെന്നും 50,000 രൂപയെ നല്കുകയുള്ളു എന്ന് പറഞ്ഞപ്പോള് മകള്ക്കായി മറ്റൊരാളെ അന്വേഷിച്ചുകൊള്ളാന് പറഞ്ഞിരുന്നുവെന്നും ദീപയുടെ മാതാവ് പറയുന്നു. ഇതിനെത്തുടര്ന്ന് ഇരുകുടുംബങ്ങളും തമ്മില് കൂടുതല് അടുപ്പമൊന്നുമുണ്ടായിരുന്നില്ലത്രേ.












Click it and Unblock the Notifications