സ്മാര്‍ട്ട് സിറ്റിയും ശശി ഏനാദിയും

  • Posted By: Staff
Subscribe to Oneindia Malayalam

കൊച്ചി : സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങാന്‍ ആരാണ് തടസമെന്നൊരു ചോദ്യമെറി‍ഞ്ഞാല്‍ എറണാകുളത്തെ റവന്യൂ അധികാരികള്‍ ശശിയെന്നൊരു പേരു പറയും. ഏത് ശശിയെന്ന് ചോദിച്ചാല്‍ ഇടച്ചിറ തട്ടാംകടവ് ശശി ഏനാദിയെന്ന് പൂരിപ്പിക്കും.

കൂലിപ്പണിക്കാരനായ ശശി സാംസ്ക്കാരിക നായകനോ, രാഷ്ട്രീയ പ്രവര്‍ത്തകനോ, ഭൂമാഫിയയോ, നവലിബറല്‍ നയങ്ങളുടെ ഉപാസകനോ അല്ല. പക്ഷേ, ഇടതുമുന്നണി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയെന്ന് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയെ ചൂണ്ടുവിരലില്‍ നിര്‍ത്തി പാവ കളിപ്പിക്കുന്നത് സാക്ഷാല്‍ ശശിയാണ്. ഇടച്ചിറ തട്ടാംകടവ് ശശി ഏനാദി.

സ്മാര്‍ട്ട് സിറ്റിക്ക് കൈമാറാനായി സര്‍ക്കാര്‍ ഏറ്റെടുത്ത 136 ഏക്കറില്‍ ശശിയുടെ വക 17 സെന്റുമുണ്ട്. കുടിയൊഴിപ്പിക്കപ്പെടാതിരിക്കാന്‍ ശശി സ്വീകരിച്ച തന്ത്രങ്ങള്‍ വന്‍വികസന പദ്ധതികള്‍ക്കു വേണ്ടി ഭാവിയില്‍ ഒഴിഞ്ഞു പോകേണ്ടി വരുന്നവര്‍ക്കും ഒരു നല്ല പാഠമാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് സര്‍പ്പക്കാവും കുടുംബക്ഷേത്രവും നിലനില്‍ക്കുന്നതിനാല്‍ ഈ ഭൂമി ഏറ്റെടുക്കലില്‍ നിന്ന് ഒഴിവാക്കണമെന്ന് ശശി അന്ന് എറണാകുളം കളക്ടറായിരുന്ന മുഹമ്മദ് ഹനീഷിന് അപേക്ഷ നല്‍കി. കുടുംബക്ഷേത്രവും സര്‍പ്പക്കാവും ഏറ്റെടുക്കില്ലെന്ന് കാണിച്ച് 2007 ഡിസംബര്‍ 11ന് ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കി.

ഉത്തരവു കിട്ടിയതോടെ ശശി ഉഷാറായി. പതിനേഴ് സെന്റില്‍ അത്യാവശ്യം സൗകര്യങ്ങളുളള ഒരു വീട് പണി കഴിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പഴയ വീട് ഇടിച്ചു കളയുകയും പുതിയ വീട്ടില്‍ ശശി താമസം തുടങ്ങുകയും ചെയ്തപ്പോഴാണ് ജില്ലാ ഭരണകൂടത്തിന് വീണ്ടുവിചാരമുണ്ടായതും വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടതും.

ജില്ലാ കളക്ടറുടെ ഉത്തരവിന്റെ ബലത്തില്‍ ഭരണകൂടത്തിന്റെ പുതിയ ആവശ്യത്തെ ശശി പുല്ലുപോലെ തളളി. വീട് ഒഴിപ്പിക്കുന്നതില്‍ സഹായമാവശ്യപ്പെട്ട് റവന്യൂ അധികാരികള്‍ പോലീസിനെ സമീപിച്ചെങ്കിലും അവര്‍ കൈയൊഴിഞ്ഞു. പട്ടികജാതിക്കാരനെ സ്വന്തം വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ പൊലീസുകാര്‍ മുന്‍കൂട്ടി കണ്ടു.

അവസാനം ശശിയുടെ വീട് പൊളിച്ചു മാറ്റാന്‍ പുതിയ ജില്ലാ കളക്ടര്‍ ഡോ. എം. ബീന കര്‍ശന നിര്‍ദ്ദേശം നല്‍കി. ബുള്‍ഡോസറുമായി നെഞ്ചും വിരിച്ചെത്തിയ ഉദ്യോഗസ്ഥരെ ഒരു കാന്‍ മണ്ണെണ്ണയുടെ ബലത്തില്‍ ശശി വെല്ലുവിളിച്ചു. വീടുപൊളിച്ചാല്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുമെന്ന ശശിയുടെ ഭീഷണിയ്ക്കു മുന്നില്‍ ബുള്‍ഡോസര്‍ സംഘം മടങ്ങി.

പ്രശ്നത്തില്‍ പിന്തുണ പ്രഖ്യാപിച്ച് കേരള പുലയ മഹാസഭ കൂടി രംഗത്തെത്തിയതോടെ ശശിയ്ക്ക് ഇരട്ടി ബലമായി. ഇതിനിടെ ജില്ലാ ഭരണകൂടം പ്രശ്നം മുഖ്യമന്ത്രിക്ക് കൈമാറി. ആ തക്കത്തിന് ശശി നേരെ ഹൈക്കോടതിയിലും പോയി. ശശിയുടെ പ്രശ്നത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതു വരെ വീടു പൊളിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. ശശി ഒരിക്കല്‍കൂടി വിജയശ്രീലാളിതനായി.

തുച്ഛമായ വില സ്വീകരിച്ച് കുടിയിറങ്ങേണ്ടി വരുന്നവരുടെ മുന്നില്‍ ഒരു വീരനായകനായി മാറുകയാണ്  ഇടച്ചിറ തട്ടാംകടവ് ശശി ഏനാദി. 136 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടും ശശിയുടെ 17 സെന്റില്‍ തൊടാന്‍ ഭരണകൂടം അറച്ചു നില്‍ക്കുന്പോള്‍ അറിയുക, ശശി ഏനാദി ചില്ലറക്കാരനല്ല..

Please Wait while comments are loading...