സ്‌മാര്‍ട്ട്‌ സിറ്റി: അവസാനം ശശിയെയും ഒഴിപ്പിച്ചു

  • Posted By: Staff
Subscribe to Oneindia Malayalam

കൊച്ചി: സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശത്ത്‌ അവശേഷിച്ച അവസാന കുടുംബത്തെയും അധികൃതര്‍ ഒഴിപ്പിച്ചു. ഇടച്ചിറ സ്വദേശി ശശി ഏനാദിയുടെ വീടാണ്‌ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചത്‌. പുലര്‍ച്ചെ അഞ്ച്‌ മണിയോടെ വീട്ടുകാരെ അറസ്‌റ്റു ചെയ്‌ത്‌ മാറ്റിയതിന്‌ ശേഷം സ്ഥലം ഒഴിപ്പിക്കുകയായിരുന്നു.

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശത്ത്‌ ഒഴിപ്പിക്കാനായി ശേഷിച്ചിരുന്നത്‌ ശശിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലം മാത്രമായിരുന്നു.

കുടുംബ ക്ഷേത്രവും സര്‍പ്പക്കാവുമെല്ലാം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒഴിപ്പിക്കാന്‍ പാടില്ലെന്ന്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ആരംഭകാലത്ത്‌ മുന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ്‌ ഹനീഫ്‌ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ എട്ട്‌ മാസം മുമ്പ്‌ ശശി ഈ സ്ഥലത്ത്‌ വീടും നിര്‍മ്മിച്ചു. എന്നാല്‍ ശശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പുറമ്പോക്കാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഒഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‌കി.

ഒഴിപ്പിക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌ത ശശി ഒഴിപ്പിക്കല്‍ നടപടിയ്‌ക്കെതിരെ ഇടക്കാല സ്റ്റേയും സമ്പാദിച്ചിരുന്നു.

എന്നാല്‍ ശശി നല്‌കിയ അപ്പീല്‍ ശനിയാഴ്‌ച ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന്‌ അധികൃതര്‍ പെട്ടെന്നു തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

നേരത്തെ ശശിയും കുടുംബവും ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന്‌ ഒഴിപ്പിക്കല്‍ നടപടികള്‍ രണ്ട്‌ തവണ തടസ്സപ്പെട്ടിരുന്നു.

 ഇനിയും ഇത്‌ ആവര്‍ത്തിയ്‌ക്കുന്നത്‌ ഒഴിവാക്കാനായി വളരെ രഹസ്യമായിട്ടായിരുന്നു ഇത്തവണ ഒഴിപ്പിക്കല്‍ നടപടികള്‍ അധികൃതര്‍ നടത്തിയത്‌.

പുലര്‍ച്ചെ പോലീസും ഫയര്‍ഫോഴ്‌സും തഹസില്‍ദാരുമെത്തുമ്പോള്‍ ശശിയുടെ വീട്ടില്‍ എട്ട്‌ പേരാണ്‌ ഉണ്ടായിരുന്നത്‌. ഇവരെ അറസ്‌റ്റു ചെയ്‌ത്‌ തൃക്കാക്കര പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റിയതിന്‌ ശേഷം വീടും മറ്റും ജെസിബി ഉപയോഗിച്ച്‌ അധികൃതര്‍ ഇടിച്ച്‌ നിരത്തുകയായിരുന്നു.

Please Wait while comments are loading...