തന്നെ സഹായിച്ചത് ഹിന്ദുവായിരുന്നുവെന്ന് കന്യാസ്‌ത്രീ
ഭുവനേശ്വര്‍: ഒറീസ്സയിലെ സാമുദായിക കലാപത്തിനിടയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കന്യാസ്‌ത്രീയെ സഹായിച്ചത് ഒരു ഹിന്ദുവാണെന്ന് ഒറീസ ക്രൈംബ്രാഞ്ച് അറിയിച്ചു.
ഒരുകൂട്ടമാളുകള്‍ ബലാല്‍സംഗം ചെയ്‌ത ശേഷം രണ്ടുപേര്‍ വീണ്ടും ആക്രമിക്കാനെത്തിയപ്പോള്‍ ഒരു ഹിന്ദുവാണ് സഹായത്തിനെത്തിയതെന്ന് കന്യാസ്‌ത്രീ തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്.
മാനഭംഗത്തിനിരയായ കന്യാസ്‌ത്രീ, മര്‍ദ്ദനത്തിനിരയായ ഫാദര്‍ തോമസ് ചെല്ലന്‍ എന്നിവരില്‍ നിന്നും ചൊവ്വാഴ്‌ച വൈകീട്ടാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ദില്ലിയില്‍ വച്ചാണ് ക്രൈംബ്രാഞ്ച് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
തന്നെ ആക്രമിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് കന്യാസ്‌ത്രീ പറഞ്ഞിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐജി അരുണ്‍ റോയ് പറഞ്ഞു. എന്നാല്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം വീണ്ടും അക്രമിക്കാനെത്തിയവരെ ഓര്‍മ്മയില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ബുധനാഴ്‌ച ബലിഗുഡയില്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കന്യാസ്‌ത്രീയും വൈദികനും ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
കണ്ഡാമലിലേയ്‌ക്ക് തിരിച്ചുപോകാന്‍ തനിക്ക് ആഗ്രഹിമില്ലെന്നും കണ്ഡാമലിന് പുറത്ത് എവിടെ തിരിച്ചറിയല്‍ പരേഡ് നടത്തിയാലും താന്‍ എത്താമെന്നുമാണത്രേ കന്യാസ്‌ത്രീയുടെ നിലപാട്. ആഗസ്റ്റ് 25ന് നടന്ന ഒറീസ ബന്ദിനിടെ കെ നുവാഗോണില്‍ വച്ചാണ് കന്യാസ്‌ത്രീ മാനഭംഗത്തിനിരയായത്.












Click it and Unblock the Notifications