തൊഴില്‍ മണ്ണിന്റെ മക്കളുടെ കൈയ്യില്‍ തന്നെ
മുംബൈ: മറാത്തികളുടെ തൊഴില്‍ അന്യസംസ്ഥാനക്കാര്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് തെളിയുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ തന്നെയാണ് ഇക്കാര്യം തെളിയിക്കുന്നത്.
ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന 91 ശതമാനം പേരു മറാത്തികളാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നു. സൂപ്പര്‍വൈസിംഗ് ജോലികളില്‍ 97 ശതമാനവും കയ്യടക്കിവെച്ചിരിയ്‌ക്കുന്നത് മഹാരാഷ്ട്രയുടെ മണ്ണിന്റെ മക്കള്‍ തന്നെയാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള 3435 വന്‍കിട വ്യവസായ യൂണിറ്റുകളിലെ 5.38 ലക്ഷം ജീവനക്കാരില്‍ 88 ശതമാനവും മറാത്ത വംശജരാണ്. മറാത്തികളുടെ ജോലികള്‍ അന്യസംസ്ഥാനക്കാര്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണങ്ങള്‍ തെറ്റാമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്നിട്ടുള്ള കണക്കുകള്‍.
ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഉയര്‍ത്തിയ മണ്ണിന്റെ മക്കള്‍ വാദം പിന്നിട് രാജ് താക്കറെയുടെ എംഎന്‍എസും അടുത്ത കാലത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പാര്‍ട്ടികളും ഏറ്റെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ വ്യവസായ തൊഴില്‍ രംഗത്ത് മറാത്തികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്ന മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സാധാരണ ജോലികളില്‍ 80 ശതമാനവും സൂപ്പര്‍വൈസിങ് ജോലികളില്‍ 50 ശതമാനവും മഹാരാഷ്ട്രക്കാര്‍ക്ക് ഉറപ്പാക്കുന്ന ബില്‍ ഉടന്‍ അവതരിപ്പിയ്‌ക്കുമെന്നായിരുന്നു ദേശ്‌മുഖിന്‍റെ പ്രഖ്യാപനം.












Click it and Unblock the Notifications