അഭയ കേസ്: ജോസ് പൂതൃക്കയില്‍ ഹര്‍ജി നല്‍കി
കൊച്ചി: അഭയ കേസില്‍ ഡിസംബര്‍ 2വരെ സിബിഐ കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌ത സിജെഎം കോടതി ഉത്തരവിനെതിരെ ഫാദര്‍ ജോസ് പൂതൃക്കയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി തിങ്കളാഴ്‌ച പരിഗണിയ്‌ക്കും.
അഭയ കേസില്‍ അറസ്റ്റിലായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സ്റ്റെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ 14 ദിവസത്തേയ്‌ക്കാണ് എറണാകുളം സിജെഎം കോടതി സിബിഐ കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തത്. തുടര്‍ച്ചയായി 14 ദിവസം കസ്‌റ്റഡിയില്‍ വിടാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്ന് ജോസ് പുതൃക്കയില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സിബിഐയുടെ കസ്റ്റഡി വാദത്തിനെതിരെ ഉന്നയിച്ച തടസ്സങ്ങള്‍ കോടതി പരിഗണിച്ചില്ല. അന്വേഷണ പുരോഗതിയോ മറ്റ് വിശദാംശങ്ങളോ വ്യക്തമാക്കാതെയാണ് സിബിഐ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നിട്ടും ഇത് കോടതി അംഗീകരിച്ചു- ഹര്‍ജിയില്‍ പറയുന്നു.
ഇത് ക്രിമിനല്‍ ചട്ടനടപടികള്‍ക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സിജെഎം കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും മനുഷ്യത്വരഹിതമായി പ്രഖ്യാപിച്ച് അസാധുവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇതിനിടെ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒളിസങ്കേതത്തില്‍ ചോദ്യം ചെയ്യുന്ന ഇവരെ കൂടുതല്‍ തെളിവെടുപ്പിനായി പയസ് ടെന്‍ത് കോണ്‍വെന്റില്‍ കൊണ്ടുവരുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications