മാന്ദ്യം: സര്‍ക്കാര്‍ ഇടപെടണമെന്ന് ഐടി കമ്പനികള്‍
തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഐടി മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളുടെ കൂട്ടായ്‌മയായ ജി-ടെക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആഗോളമാന്ദ്യം കേരളത്തിലെ ഐടി മേഖലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ചെറിയ കമ്പനികള്‍ പൂട്ടിത്തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ 2000-3000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
നിയമനനിരോധനം ഏര്‍പ്പെടുത്തി പിരിച്ചുവിടല്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എങ്കിലും അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ പിരിച്ചുവിടല്‍ ഉണ്ടായേയ്‌ക്കും. അതിനാല്‍ സര്‍ക്കാര്‍ ഉടന്‍ ഉടപെടണം- ജി-ടെക് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ടെക്‌നോപാര്‍ക്കില്‍ വൈദ്യുതി നിരക്ക് കുറയ്‌ക്കുക, നിലവിലുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കുക. കെട്ടിട വാടക 25 ശതമാനമെങ്കിലും കുറവുവരുത്തുക, അധിക തീരുവ ഈടാക്കരുത്, സോഫ്‌റ്റ്‌വേറിന്റെ വില്‍പന നികുതി ഒഴിവാക്കുക, ബന്ദ്, ഹര്‍ത്താല്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങളും ഭാരവാഹികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ഈ കാര്യങ്ങള്‍ മുമ്പ് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ഫലമൊന്നുമില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഐടി കാര്യത്തില്‍ സര്‍ക്കാറിന് ഉചിതമായ ഉപദേശം കിട്ടുന്നില്ല. ഐടി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ ഇടക്കിടെ അദ്ദേഹത്തെ സമീപിക്കുന്നതില്‍ ഔചിത്യക്കുറവുണ്ട്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ശരിയായ ഉപദേശം ലഭിക്കേണ്ടതുണ്ടെന്ന് പറയുന്നത് ഈ സാഹചര്യത്തിലാണ്- ജിടെക് ഭാരവാഹികളായ സതീഷ് ബാബു, സുനില്‍ ഗുപ്‌ത തുടങ്ങിയവര്‍ പറഞ്ഞു.












Click it and Unblock the Notifications