കിളിരൂര്‍ ശ്രീമതിയ്ക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കിളിരൂര്‍ വിഐപി സംഭവത്തില്‍ മന്ത്രി പികെ ശ്രീമതിയ്ക്ക് പങ്കില്ലെന്ന പൊലീസ് റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ പൊലീസ് ഈ റിപ്പോര്‍ട്ട് ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ രണ്ടുമാസം മുമ്പുതന്നെ സമര്‍പ്പിച്ചിരുന്നു.
കിളിരൂര്‍-കവിയൂര്‍ കേസ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് രാജു പുഴങ്കര കിളിരൂര്‍ കേസിലെ വിഐപി മന്ത്രി ശ്രീമതിയാണെന്ന് ആരോപിച്ച് ഏറ്റുമാനൂര്‍ കോടതിയില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ മജിസ്ട്രേട്ട് 2007 സെപ്റ്റംബറില്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എസ്ഐ ആയിരുന്ന കെഎസ് ബേബി ഇത് സംബന്ധിച്ച് തൊള്ളകം മാതാ ആശുപത്രിയിലെ ഡോക്ടര്‍ ശങ്കര്‍, ശാരിയുടെ മാതാപിതാക്കള്‍ ജീവനക്കാര്‍ തുടങ്ങി പത്തോളം പേരില്‍ നിന്നും മൊഴിയെടുത്തിരുന്നു.
ആശുപത്രി ജീവനക്കാരുടെയും ഡോക്ടറുടെയും സാന്നിധ്യത്തിലാണ് അന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവായ പികെ ശ്രീമതി ശാരിയെ ഐസിയുവില്‍ കണ്ടതെന്നും അല്പസമയത്തിനുള്ളില് പുറത്തുവന്നുവെന്നും ശാരിയോട് സംസാരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ എസ്ഐ കെ.ആര് മനോജാണ് 2008 സെപ്റ്റംബര്‍ 29ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.