കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിയോ കിംവദന്തി ഭീതി പരത്തി

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: പോളിയോ തുള്ളിമരുന്ന്‌ കഴിച്ച കുട്ടികള്‍ മരിച്ചെന്ന കിംവദന്തി തമിഴ്‌നാട്ടിലാകെ പരിഭ്രാന്തി പരത്തി. ഈറോഡ്‌ ജില്ലയിലെ ഗോപിച്ചെട്ടിപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയനായ നാലു വയസ്സുകാരന്‍ ഈശ്വരന്റെ മരണമാണ്‌ കിംവദന്തിയ്‌ക്ക്‌ ഇടയാക്കിയത്‌.

പോളിയോ തുള്ളിമരുന്ന്‌ വിതരണം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു ഈശ്വരന്‍ മരിച്ചത്‌. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ്‌ കുട്ടി മരിച്ചതെന്ന്‌ ഈശ്വരന്റെ ബന്ധുക്കളും മാതാപിതാക്കളും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു.

പോളിയോ തുള്ളിമരുന്ന്‌ കഴിച്ച്‌ മരിച്ച കുട്ടിയുടെ മാതാപിതാക്കളാണ്‌ പ്രശ്‌നമുണ്ടാക്കുന്നതെന്ന്‌ സ്ഥലത്തുള്ളവര്‍ കരുതിയതാണ്‌ കിംവദന്തിയ്‌ക്കിടായത്‌. ഇതിനിടെ തുള്ളിമരുന്ന്‌ കഴിച്ച 15 കുട്ടികള്‍ ഗോപിച്ചെട്ടിപ്പാളയത്ത്‌ മരിച്ചെന്ന വ്യാജ വാര്‍ത്തയും പരന്നു. രണ്ട്‌ തമിഴ്‌ ചാനലുകള്‍ ഇത്‌ ഫ്‌ളാഷ്‌ വാര്‍ത്തയും കാണിച്ചു. അല്‌പ സമയത്തിനു ശേഷം ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചെങ്കിലും കിംവദന്തി തമിഴ്‌നാടൊട്ടുക്കും വ്യാപിച്ചിരുന്നു.

തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ മരിച്ചെന്ന കിംവദന്തികള്‍ പരന്നതോടെ ലക്ഷക്കണക്കിന്‌ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെയും കൊണ്ട്‌ ആശുപത്രികളിലേക്ക്‌ പാഞ്ഞു.

ജനങ്ങളെ ആശ്വസിപ്പിയ്‌ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. മിക്കയിടങ്ങളിലും സംഘര്‍ഷാവസ്ഥയും ഉണ്ടായി. ആശ്വസിപ്പിയ്‌ക്കലല്ല, കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സിയ്‌ക്കുകയാണ്‌ വേണ്ടതെന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്‌.

ഒടുവില്‍ ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഓട്ടോറിക്ഷകളില്‍ മൈക്ക്‌ കെട്ടി പ്രചാരണം നടത്തിയതോടെയാണ്‌ ജനങ്ങളുടെ ഭീതി ഒട്ടൊക്കെ വിട്ടകന്നത്‌.

സര്‍ക്കാരിന്റെ അനാസ്ഥയാണ്‌ പോളിയോ മരണത്തിന്‌ കാരണമായതെന്നാരോപിച്ച്‌ നാട്ടുകാര്‍ വിവിധയിടങ്ങളില്‍ റോഡുപരോധിയ്‌ക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിന്‌ കാരണമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X