അഭയ കേസ്: അന്വേഷണം പൂര്‍ത്തിയാകുന്നു
കൊച്ചി: അഭയ കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നു. കേസിലെ പ്രധാന സാക്ഷികളുടെയെല്ലാം മൊഴികള്‍ സിബിഐ സംഘത്തിന് കിട്ടിക്കഴിഞ്ഞു.
തിങ്കളാഴ്‌ച കൊച്ചിയില്‍ എത്തുന്ന സിബിഐ ചെന്നൈ ഡിഐജി കന്തസ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം അന്വേഷണവും സാക്ഷിമൊഴികളും വിലയിരുത്തും.
ജസ്റ്റിസ് ആര്‍. ബസന്തിന്റെ വ്യാഴാഴ്‌ചത്തെ വിധി സിബിഐ സംഘത്തിന്റെ മനോവീര്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. മൂന്നു പ്രതികള്‍ക്കും ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ അടുത്തയാഴ്‌ച സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.
ദില്ലിയിലുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവുമായി സിബിഐ ഉന്നതാധികൃതര്‍ സംഭാഷണം നടത്തി. അപ്പീലിന് കേന്ദ്ര നിയമ മന്ത്രാലയം ഉടനെ അനുമതി നല്‍കും.
70 ശതമാനം സാക്ഷികളില്‍ നിന്നും മൊഴികിട്ടിയിട്ടുണ്ട്. അഭയയുടേത് കൊലപാതകമാണെന്ന് ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ മുന്‍പ് തെളിയിച്ച മൂന്നു വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ മൊഴികൂടി സിബിഐ എടുക്കുന്നുണ്ട്. കോട്ടയം മുന്‍ ക്രൈം ബ്രാഞ്ച് എസ്‌പി കെ.ടി മൈക്കിളിനെയും മറ്റും തെളിവു നശിപ്പിച്ചതിന് പ്രതികളാക്കുന്നുണ്ട്.
ആറ് പ്രധാന സാക്ഷികളുടെ മൊഴിയാണ് മജിസ്‌ട്രേട്ട്‌മുന്‍പാകെ രേഖപ്പെടുത്തിയിട്ടുള്ളത്. 2008 നവംബര്‍ ഒന്നിനാണ് സിബിഐ കൊച്ചി ഡിവൈഎസ്‌പി നന്ദകുമാര്‍ നായര്‍ അന്വേഷണം ഏറ്റെടുത്തത്. നവംബര്‍ 19ന് മൂന്നു പ്രതികളെ അറസ്റ്റുചെയ്‌തത് കേസിലെ സുപ്രധാന വഴിത്തിരിവായിരുന്നു.












Click it and Unblock the Notifications