പിഎംകെ യുപിഎ വിട്ടു; ഇനി ജയയ്‌ക്കൊപ്പം
ചെന്നൈ: പട്ടാളി മക്കള്‍ കക്ഷി(പിഎംകെ) കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യപുരോഗമന സഖ്യം(യുപിഎ) വിട്ടു. ജയലളിതയുടെ എഐഎഡിഎംകെ മുന്നണിയില്‍ ചേരുന്നതിന്റെ ഭാഗമായാണ് പിഎംകെ യുപിഎ വിട്ടത്.
വ്യാഴാഴ്‌ച ചേര്‍ന്ന പിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത 2450 പ്രവര്‍ത്തകര്‍ യുപിഎ മുന്നണി വിടാനും എഐഎഡിഎംകെ സഖ്യത്തില്‍ ചേരാനുമുള്ള തീരുമാനത്തിന് പിന്തുണ അറിയിച്ചതായി പിഎംകെ നേതാവ് എസ്. രാമദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2004ല്‍ അഞ്ച് സീറ്റില്‍ മത്സരിച്ച പിഎംകെ എല്ലാ സീറ്റുകളിലും വിജയിച്ചിരുന്നു. ഏഴ് ശതമാനം വോട്ടുകളാണ് തമിഴ്‌നാട്ടില്‍ 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിഎം കെ നേടിയത്. നേരിയ ഭൂരിപക്ഷംപോലും നിര്‍ണായകമായ തമിഴ്‌നാട്ടില്‍ പിഎംകെ ഘടകം തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വീധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.
ജയലളിതയുമായുള്ള ധാരണപ്രകാരം 7 സീറ്റുകളായിരിക്കും പിഎംകെയ്‌ക്ക് ലഭിക്കുക. ഇതിനൊപ്പം ഒരു രാജ്യസഭാ സീറ്റും എഐഎഡിഎംകെ സഖ്യത്തിലൂടെ പിഎംകെയ്‌ക്ക് ലഭിക്കുമെന്ന് സൂചനയുണ്ട്.
വ്യാഴാഴ്‌ച വൈകീട്ട് രാമദാസ് ജയലളിതയുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. പിഎംകെയുടെ കേന്ദ്രമന്ത്രിമാരായ അന്‍പുമണി രാംദോസ്, ആര്‍ വേലു എന്നിവര്‍ വെള്ളിയാഴ്‌ച രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടിലെ സീറ്റുവിഭജനം സംബന്ധിച്ച തര്‍ക്കങ്ങളാണ് പിഎംകെയെ യുപിഎ വിടാന്‍ പ്രേരിപ്പിച്ചത്. അവസാനവട്ട ശ്രമമെന്ന നിലയില്‍ കേന്ദ്രമന്ത്രി പി ചിദംബരം ആന്‍പുമണി രാംദാസുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സീറ്റ് വിഭജനത്തര്‍ക്കത്തിന് പുറമെ ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ശരിയായില്ലെന്നും പിഎംകെ ആരോപിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെ രാംദാസ് കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications