കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപി ബന്ധം: വിഎസ്‌ കാരാട്ടിനെ പ്രതിഷേധമറിയിച്ചു

  • By Staff
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പിഡിപിയ്‌ക്ക്‌ മുന്നണിയിലെ ഘടകകക്ഷികളെപ്പോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ പരാതി നല്‍കി.

തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പിഡിപിയ്‌ക്ക്‌ അതിരുകവഞ്ഞ പ്രാധാന്യം നല്‍കുന്നത്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിയ്‌ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഡിപിയുമായുള്ള സഖ്യത്തെക്കുറിച്ച്‌ പാര്‍ട്ടിയില്‍ വേണ്ടത്ര ആലോചന നടത്തിയിട്ടില്ലെന്നും വിഎസ്‌ കാരാട്ടിനോട്‌ സൂചിപ്പിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. ഫോണിലൂടെയാണ്‌ വിഎസ്‌ കാരാട്ടിനെ പ്രതിഷേധം അറിയച്ചെന്നാണ്‌ സൂചന. മദനിയുടെ തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട സാക്ഷിമൊഴികള്‍ പാര്‍ട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌.

പ്രഖ്യാപിത നയങ്ങളില്‍ നിന്നുമാറി തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതുയര്‍ത്തിക്കാണിച്ച്‌ ഔദ്യോഗിക പക്ഷത്തെ തളര്‍ത്താം എന്നാണ്‌ വിഎസ്‌ പക്ഷം കരുതുന്നത്‌. എന്നാല്‍ പിഡിപി ബന്ധത്തെ വിഎസ്‌ എത്രയേറെ തള്ളിപ്പറയുന്നോ അത്രയുമേറെ പ്രാധാന്യം അവര്‍ക്ക്‌ നല്‍കാനാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനമെന്നാണ്‌ സൂചന.

തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ പിഡിപി മുന്നണിയില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ടി ശിവദാസമേനോന്‍ പറഞ്ഞതും ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌.

പിഡിപി ബന്ധം മുന്നണിയില്‍ മാത്രമല്ല സിപിഎമ്മിനുള്ളില്‍ത്തന്നെ വിള്ളലുകളുണ്ടാക്കുന്നുണ്ട്‌. മദനിയെക്കുറിച്ച്‌ അന്വേഷണമൊന്നും ആവശ്യമില്ലെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ നിലാപടിനും മദനിയ്‌ക്കിപ്പോള്‍ തീവ്രവാദ ബന്ധമില്ലെന്ന്‌ പിണറായി വിജയന്റെ നിലപാടിനും വിരുദ്ധമായാണ്‌ മദനിയ്‌ക്കെതിരെ അന്വേഷണം തുടരുമെന്ന്‌ വിഎസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

പാര്‍ട്ടിയുടെ പിഡിപി ബന്ധത്തില്‍ അണികളിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌. മുസ്ലീം സമുദായത്തെ പ്രീണിപ്പിച്ച്‌ വോട്ടുനേടാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളുടെ ഭാഗമാണ്‌ പിഡിപി ബന്ധം. എന്തായാലും തിരഞ്ഞെടുപ്പ്‌ കഴിയും വരെയെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയത പുറത്തുവരാതിരിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ തകിടം മറിച്ചുകൊണ്ടാണ്‌ മദനിപ്രശ്‌നം വീണ്ടും ഉള്‍പ്പോര്‌ പരസ്യമാക്കുന്നത്‌.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ പിഡിപിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചോ ഇതേവരെ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ബുധനാഴ്‌ച പറഞ്ഞ കാര്യങ്ങള്‍ പിഡിപി ബന്ധം സിപിഎമ്മിലെ ഭന്നതകള്‍ രൂക്ഷമാക്കുമെന്ന സൂചനകളാണ്‌ നല്‍കുന്നത്‌. പിഡിപിയുമായുള്ള കൂട്ടുകെട്ടിനെ വിമര്‍ശിച്ചിട്ടില്ലെങ്കിലും പിഡിപി നേതാവ്‌ മദനിയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന വിഎസിന്റെ പ്രഖ്യാപനം പിഡിപി ബന്ധത്തില്‍ അദ്ദേഹത്തിനുള്ള ഇഷ്ടക്കേട്‌ തന്നെയാണ്‌ വെളിവാക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X