എന്റെ വേദിയില്‍ പിഡിപി ഉണ്ടാകില്ല: വിഎസ്
തിരുവനന്തപുരം: പിഡിപിയുമായി ഇടതുമുന്നണിയ്‌ക്കോ സിപിഎമ്മിനോ തിരഞ്ഞെടുപ്പില്‍ ഒരു ബന്ധവും കൂട്ടുകെട്ടും ഇല്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെയുള്ള ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഎസ് ആവര്‍ത്തിക്കുകയും ചെയ്‌തു. കേസരി സ്‌മാരക ട്രസ്റ്റ് നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഡിപിയുടെ വോട്ട് സ്വീകരിക്കും. എട്ടൊന്‍പത് വര്‍ഷം ജയിലില്‍ കിടന്ന മദനി ഭീകരതയുടെ അപകടം മനസ്സിലാക്കി അതില്‍ നിന്നും മോചിതനാകാന്‍ ശ്രമിക്കുകയാണ്. അതിന് അവസരം നല്‍കാതിരിക്കുന്നതിനാണോ ഇത്തരം വിവാദം- വിഎസ് ചോദിച്ചു.
ഇപ്പോള്‍ ഭീകരതയില്ലെന്ന് മദനി ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതാണ് പാര്‍ട്ടിയുടെ നിലപാട്. ഇതിന് സമയം ആവശ്യമാണ്. പിഡിപിയുമായുള്ള നിലാപാടിന്റെ കാര്യത്തില്‍ ഘടകകക്ഷികളുമായി ഭിന്നതയില്ല. വോട്ട് വാങ്ങിയ്‌ക്കാമെന്ന് തന്നെയാണ് അവരും പറയുന്നത്. എല്ലാ ഇടതുമുന്നണി കണ്‍വെന്‍ഷനുകളിലും പിഡിപി പ്രതിനിധികള്‍ പങ്കെടുക്കില്ല.
എന്നാല്‍ അവരുടെ വോട്ട് വാങ്ങാം കണ്‍വെന്‍ഷനുകളില്‍ പങ്കെടുപ്പിക്കില്ലെന്ന് പറയാന്‍ കഴിയില്ല. എന്തായാലും ഞാന്‍പങ്കെടുക്കുന്ന പരിപാടികളില്‍ വേദിയില്‍ പിഡിപി നേതാക്കള്‍ ഉണ്ടാവില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
മദനിയുമായുള്ള ബന്ധം അടുപ്പം ഒരു തരത്തിലുള്ള ബാധ്യതയും സര്‍ക്കാറിനും പാര്‍ട്ടിയ്‌ക്കും ഉണ്ടാകില്ല. മദനിയെ അറസ്റ്റു ചെയ്‌തേല്‍പ്പിക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്‌തത് നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍ ജയിലില്‍ ചികിത്സ കിട്ടാതെ കഴിയുന്ന അവസ്ഥയുണ്ടായപ്പോഴാണ് ഞാനടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
മനുഷ്യത്വപരമായ കാര്യങ്ങള്‍ ചെയ്യാനാണ് അന്ന് ശ്രമിച്ചത്. ഇത് മതനിരപേക്ഷ നിലപാടിന് എതിരാണെന്ന് ഞാന്‍ കരുതുന്നില്ല. എന്തായാലും മാനസാന്തരപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സമയം നല്‍കണം- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications