ഫാരിസിനെപ്പറയുമ്പോള്‍ ക്ഷോഭമെന്തിന് : വീരന്‍
തിരുവനന്തപുരം: ഫാരിസ് അബൂബക്കറിനെക്കുറിച്ച് പറയുമ്പോള്‍ പിണറായി വിജയന്‍ പ്രതികരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ജനതാദള്‍ നേതാവ് വീരേന്ദ്രകുമാര്‍.
പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നത് ആരെയും വെല്ലുവിളിക്കുന്നതല്ല. വീരേന്ദ്രകുമാറിന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി പിണറായി വിജയന്‍ ചൊവ്വാഴ്‌ച പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.
ഏത് വെല്ലുവിളിയെക്കുറിച്ചാണ് പിണറായി പറഞ്ഞത്. ഞാനേതെങ്കിലും പാര്‍ട്ടിയെയോ മുന്നണിയോയോ വെല്ലുവിളിച്ചിട്ടില്ല. ജനതാദളിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കളോടും ജനങ്ങളോടും
വിശദീകരിക്കുകയെന്ന കടമ നിര്‍വ്വഹിക്കുകമാത്രമാണ് ചെയ്‌തത്- അദ്ദേഹം പറഞ്ഞു.
ഞാന്‍ അല്‍പ്പത്തരം കാണിച്ചുവെന്ന് പറയാന്‍ പിണറായിയെ പ്രേരിപ്പിച്ചകാര്യമെന്താണെന്ന് അറിയില്ല. 52 വര്‍ഷമായി ഞാന്‍ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഫാരിസ് അബൂബക്കറിനെക്കുറിച്ച് പറയുമ്പോള്‍ പിണറായി എന്തിനാണ് ക്ഷോഭിക്കുന്നത്. ഇത്രയും കാലം ഇടതുപക്ഷത്തിനൊപ്പം നിന്ന ഞാനാണോ ഫാരിസാണോ പിണറായിയ്‌ക്ക് വലുത്.
ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്ക് വീട്ടില്‍ വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
അപ്പോഴാണ് ഞാന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായത്. അച്ഛന്‍ പത്തായത്തിലില്ല എന്ന് പറയുന്നതുപോലെ അല്ലേ അത്- അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാമെന്ന് ഒരു വാക്കും നല്‍കിയിട്ടില്ല. പതിറ്റാണ്ടുകളായി ഒപ്പം നിന്ന ഞങ്ങളെ ഇടതുമുന്നണി അവഹേളിച്ചുവെന്നും അതിന് മറുപടി നല്‍കാന്‍ ബാധ്യതയുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications