കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: രണ്ടര നൂറ്റാണ്ടു കാലത്തെ രാജ്യഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജനാധിപത്യത്തിലേക്ക് നീങ്ങിയ നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് സാധ്യത സൃഷ്ടിച്ചു കൊണ്ട് പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ഡ രാജിവെച്ചു.

നേപ്പാള്‍ കരസേനാമേധാവി രുക്മാംഗദ് കട് വാളിനെ പുറത്താക്കിയ മന്ത്രിസഭാ നടപടി പ്രസിഡന്‍റ് രാംവരണ്‍ യാദവ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രചണ്ഡ രാജിവെച്ചത്. പ്രചണ്ഡയുടെ രാജി പ്രസിഡന്റ് രാം ബരന്‍ യാദവ് സ്വീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ നടപടി പ്രസിഡന്‍റ് രാം ബരന്‍ യാദവ് തള്ളിക്കളഞ്ഞത്. ഭരണഘടനാ പ്രക്രിയകള്‍ പാലിക്കാതെയാണ് പ്രധാനമന്ത്രിയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ തീരുമാനം സര്‍വ്വ സൈന്യാധിപന്‍ കൂടിയായ പ്രസിഡന്‍റ് തള്ളിയത്.

ഒരു പതിറ്റാണ്ടു കാലം നീണ്ട ആഭ്യന്തര കലാപത്തിന് അന്ത്യം കുറിച്ച് മാവോയിസ്റ്റുകള്‍ ഒപ്പുവെച്ച സമാധാനക്കരാറിന്റെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായിരിയ്ക്കുകയാണ്.

പ്രസിഡന്‍ന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് പ്രചണ്ഡ ആരോപിച്ചു. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും വിദേശ രാജ്യങ്ങളുമാണ് നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. സമാന്തര അധികാര കേന്ദ്രമാകാനുള്ള പ്രസിഡന്റിന്റെ നീക്കം ബാലാരിഷ്ടതകള്‍ വിട്ടുമാറാത്ത നേപ്പാളിലെ ജനാധിപത്യത്തിന് ഭീഷണിയാണ്. സമാധാനവും ജനാധിപത്യവും സംരക്ഷിയ്ക്കാനാണ് താന്‍ രാജിവെയ്ക്കുന്നതെന്നും ദേശീയ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രചണ്ഡ പ്രഖ്യാപിച്ചു.

കട് വാളിനെ പുറത്താക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ലഫ്റ്റനന്‍റ് ജനറല്‍ കുല്‍ ബഹാദൂര്‍ ഖഡ്‌കയെ സൈനിക മേധാവിയായി സര്‍ക്കാര്‍ നിശ്ചയിച്ചു. ഈ തീരുമാനം വന്നയുടനെ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സര്‍ക്കാരിനുള്ള പിന്തുണ സിപി‌എന്‍(യുഎം‌എല്‍) പിന്‍‌വലിച്ചിരുന്നു. 601 അംഗ ഭരണഘടനാ നിര്‍മാണസഭയില്‍ 108 അംഗങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്.

സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് കട്‌വാളിനെ പുറത്താക്കിയത്. എന്നാല്‍ സ്ഥാനമൊഴിയില്ലെന്ന് കട്‌വാള്‍ പ്രഖ്യാപിച്ചതോടെയാണ് നേപ്പാള്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. സൈനിക മേധാവിയെ മാറ്റരുതെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നേപ്പാളിനോടാവശ്യപ്പെട്ടിരുന്നു.

മൂന്നു മാസം മുമ്പ്‌ സ്ഥാനമേറ്റ കരസേനാ മേധാവിയും മാവോയിസ്റ്റ് സര്‍ക്കാറും തുടക്കത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടായിരുന്നു. കീഴടങ്ങിയ 19,000 മാവോയിസ്റ്റ് പോരാളികളെ സൈന്യത്തിലെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് സേനാമേധാവി സര്‍ക്കാറിന്‌ അനഭിമതനായത്‌. തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്നാരോപിച്ച് ചൊവ്വാഴ്ച കട്‌വാളിനെ പുറത്താക്കിയത്.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേപ്പാളി കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 112 അംഗങ്ങളാണ് എന്‍സിക്ക് പാര്‍ലമെന്‍റിലുള്ളത്.

അതേ സമയം രാജ്യം വീണ്ടും കലാപത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. പ്രചണ്ഡയെ അനുകൂലിച്ചും എതിര്‍ത്തും മാവോയിസ്റ്റുകളും നേപ്പാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവിലിറങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X