എന്‍ജിനീയര്‍മാര്‍ക്ക് കോടതിയുടെ വക തൂപ്പുജോലി
ഹൈദരാബാദ്: പെണ്‍കുട്ടികളെ ശല്യം ചെയ്‌ത യുവ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍മാരോട് ഒരു മാസം ആശുപത്രി തൂത്തുവാരാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ആന്ധ്രപ്രദേശിലാണ് കോടതി വിചിത്രമായ വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടികളെ പതിവായി കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്‌ത കേസില്‍ 21കാരനായ ദിനേഷ് കുമാര്‍ സുഹൃത്ത് വെങ്കിട് കൃഷ്‌ണന്‍ എന്നിവര്‍ക്കാണ് കോടതി ഇങ്ങനെയൊരു ശിക്ഷ വിധിച്ചത്.
കേസിനെത്തുടര്‍ന്ന് ഒളിവില്‍ക്കഴിയുന്ന രണ്ടുപേരും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. സ്ഥിരമായി ഇവര്‍ രണ്ടു പെണ്‍കുട്ടികളെ ശല്യം ചെയ്‌തിരുന്നു. ഒരു ദിവസം കുട്ടികളുടെ ദുപ്പട്ട ഇവര്‍ പിടിച്ചുവലിച്ചിരുന്നുവത്രേ. തുടര്‍ന്നാണ് കുട്ടികള്‍ പരാതി നല്‍കിയത്.
സെക്കന്തരാബാദ് മെഡിക്കല്‍ കോളെജ് പരിസരം ദിവസം ഒരു മണിക്കൂര്‍ തൂത്തുവാരണമെന്നാണ് ഉത്തരവ്. ഇവര്‍ ആശുപത്രി പരിസരം വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ആശുപത്രി സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇവരുടെ പേരില്‍ ആശുപത്രിയില്‍ പ്രത്യേക രജിസ്റ്റര്‍ ഉണ്ടാക്കി സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഒഴിവില്‍ക്കഴിയുന്ന യുവാക്കളോട് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് ജാമ്യം നല്‍കണമന്നും ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി വൃത്തിയാക്കുന്നതില്‍ മുടക്കുണ്ടായാല്‍ ജാമ്യം റദ്ദാക്കാനും വെള്ളിയാഴ്‌ച പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications