സിപിഎം സംസ്ഥാന സമിതി യോഗം ചൊവ്വാഴ്‌ച മുതല്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ചൊവ്വാഴ്‌ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ പങ്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണെന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് തിങ്കളാഴ്‌ച അംഗീകരിച്ചിരുന്നു.
അതേ സമയം റിപ്പോര്‍ട്ടില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ചില തിരുത്തലുകള്‍ വേണമെന്ന് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. വിഭാഗീയമായ വിലയിരുത്തല്‍ നടന്നുവെന്നാണ് പിബിയുടെ അനുമാനം.
വിമതന്‍മാരും പാര്‍ട്ടിയ്‌ക്കുള്ളിലെ വിരുദ്ധരും ഒന്നിച്ച് ചേര്‍ന്ന്‌ത് പാര്‍ട്ടിയ്‌ക്ക് ലഭിയ്‌ക്കേണ്ട വോട്ടുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംഘടനാപരമായ വീഴ്‌ചയാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തിയിട്ടുണ്ട്. വിഭാഗീയത കര്‍ശനമായി ചെറുക്കണമെന്ന ആവശ്യവും റിപ്പോര്‍ട്ട് മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. വിഎസ് പക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് റിപ്പോര്‍ട്ടിലൂടെ നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ വിഎസ് ലാവലിന്‍, പിഡിപി വിഷയങ്ങളാണ് പരാജയത്തിന് കാരണമെന്ന് തിരിച്ചടിച്ചു. ലാവലിന്‍ കേസില്‍ പിണറായി പ്രതിയാക്കിയ നടപടി തള്ളിക്കളഞ്ഞത് പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിഛായ തകര്‍ത്തു എന്ന്‌് വിഎസ് ചൂണ്ടിക്കാണിച്ചു. പിണറായി പ്രോസിക്യൂഷന് വിധേയനാകേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളെ പിണക്കിയ നടപടി ദോഷം ചെയ്‌തുവെന്ന വിഎസിന്റെ വിമര്‍ശനവും പിണറായിയെ ഉദ്ദേശിച്ചായിരുന്നു. എന്നാല്‍ ഈ പ്രതിരോധമൊന്നും റിപ്പോര്‍ട്ട് അംഗീകരിയ്‌ക്കുന്നതിന് തടസമായില്ല.
ചൊവ്വാഴ്‌ച ആരംഭിയ്‌ക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം തിരുത്തി തയാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടാവും അവതരിപ്പിയ്‌ക്കുക. ഈ യോഗത്തിലും ഓദ്യോഗിക വിഭാഗം വിഎസിനെതിരെ ആഞ്ഞടിയ്‌ക്കാനാണ് സാധ്യത. അതേ സമയം തന്റെ മുന്‍നിലപാടുകളില്‍ ഉറച്ചു നില്‌ക്കാനായിരിക്കും വിഎസ് ശ്രമിക്കുകയെന്നും കരുതപ്പെടുന്നു.


Click it and Unblock the Notifications