കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത്‌ കാലവര്‍ഷം ശക്തിപ്രാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കാലവര്‍ഷം കൂടുതല്‍ ശക്തിയാര്‍ജ്ജിയ്‌ക്കുന്നു. സംസ്ഥാനത്ത്‌ എല്ലായിടത്തും ഒരു പോലെ നല്ല മഴയാണ്‌ ലഭിയ്‌ക്കുന്നത്‌.

മഴ ശക്തമായതോടെ സംസ്ഥാനം കാലവര്‍ഷക്കെടുതിയിലേക്ക്‌ നീങ്ങുകയാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ശക്തമായ മഴയില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട്‌, കൊയിലാണ്ടി, കാപ്പാട്‌, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ചില വീടുകള്‍ പൂര്‍ണമായും ചില വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി റോഡ്‌ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായിട്ടുണ്ട്‌. അമ്പലപ്പുഴ കാട്ടാനത്ത്‌ കടല്‍ഭിത്തിയില്ലാത്ത മേഖലയില്‍ 100 ഓളം വീടുകള്‍ ഭീഷണിയിലാണ്‌. ഇവിടെയുള്ള 30 ഓളം കുടുംബങ്ങളെ താത്‌കാലികമായി മാറ്റിപ്പാര്‍പ്പിയ്‌ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടെങ്കിലും വീടുകള്‍ ഉപേക്ഷിച്ച്‌ പോകാന്‍ ആരും തയാറായിട്ടില്ല. തൃശൂര്‍ ജില്ലയിലും കടലാക്രമണം രൂക്ഷമാണ്‌. കടലാക്രമണത്തില്‍ ജില്ലയിലെ ചാവക്കാട്‌, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ 30 ഓളം വീടുകള്‍ക്ക്‌ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ തീരദേശവാസികള്‍ക്കും മത്സ്യബന്ധത്തിന്‌ പോകുന്നവര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌. അടുത്ത രണ്ട്‌ ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിയ്‌ക്കുന്നത്‌. പടിഞ്ഞാറന്‍ കാറ്റ്‌ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അവര്‍ നല്‌കിയിട്ടുണ്ട്‌.

ഇതിനിടെ ആലപ്പുഴയില്‍ അഞ്ച്‌ പേര്‍ക്ക്‌ കോളറ പിടിപ്പെട്ടതായി കണ്ടെത്തി. ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ദ്രുതകര്‍മ സേന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. ശുദ്ധീകരിച്ച ജലം മാത്രം വിതരണം ചെയ്‌താല്‍ മതിയെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ്‌ നല്‌കിയിട്ടുണ്ട്‌. വിവിധ ജില്ലകളില്‍ പകര്‍ച്ചപ്പനിയും പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

കാലവര്‍ഷക്കെടുതി നേരിടാന്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്ന്‌ മന്ത്രി കെപി രാജേന്ദ്രന്‍ പറഞ്ഞു. ജില്ലകളുടെ പ്രവര്‍ത്തനം ഏകോപിപ്പിയ്‌ക്കുന്നതിന്‌ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X