വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തി: ബ്രസീല്‍
റിയോ ഡി ജനീറോ: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുകളില്‍വെച്ച് കാണാതായ ഫ്രഞ്ച് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ബ്രസീലിയന്‍ വ്യോമസേന സ്ഥിരീകരിച്ചു. ഫെര്‍നാന്‍ഡോ ഡി നൊറോഞ്ഞ ദ്വീപസമൂഹത്തിന് 600 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് വിമാനത്തിന്റെ ഒരു സീറ്റുള്‍പ്പെടെ ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സമുദ്രത്തില്‍ നിന്നും ലഭിച്ച വിമാനവശിഷ്ടങ്ങള്‍ എയര്‍ ഫ്രാന്‍സ് വിമാനത്തിന്റേത് തന്നെയാണെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി നെല്‍സണ്‍ ജോബിം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിമാനത്തിന്റെ ഒരു സീറ്റ്, വെള്ളനിറത്തിലുള്ള ചില വസ്‌തുക്കള്‍, ഒരു വീപ്പ, ഓറഞ്ച് നിറത്തിലുള്ള ലോഹഘടകം തുടങ്ങിയവയാണു കണ്ടെത്തിയത്. രണ്ടിടത്തായി കടലില്‍ ഒഴുകുന്ന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ അകലമുണ്ട്. ബ്രസീല്‍ തീരത്തുനിന്ന് 1100 കിലോമീറ്ററും ഫെര്‍നാന്‍ഡോ ഡെ നെറോന്യെ ദ്വീപില്‍നിന്നു 650 കിലോമീറ്ററും അകലെ, അവസാനത്തെ യാന്ത്രികസന്ദേശം അയയ്‌ക്കുമ്പോള്‍ വിമാനം എത്തിയ സ്‌ഥലത്തിനു സമീപമാണിത്.
വിവരങ്ങള്‍ സൂക്ഷിക്കുന്ന ബ്ലാക് ബോക്‌സുള്‍പ്പെടെയുള്ള കൂടുതല്‍ ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
228 യാത്രക്കാരുമായി റിയോഡി ജനീറോയില്‍ നിന്നും പാരീസിലേക്ക് പോവുകയായിരുന്ന എയര്‍ഫ്രാന്‍സിന്റെ എ 330 എയര്‍ബസ് വിമാനമാണ് കാണാതായത്. തിങ്കളാഴ്‌ച രാവിലെ 11. 30ന് ദുരൂഹ സാഹചര്യത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഉച്ചയ്‌ക്ക് 2.40ന് പാരിസില്‍ എത്തേണ്ടതായിരുന്നു വിമാനം.
വിമാനത്തില്‍ നിന്നു ലഭിച്ച അവസാന സന്ദേശത്തില്‍ നിന്ന് വൈദ്യുതി തകരാറും അന്തരീക്ഷമര്‍ദ്ദവുമാണ് അപകടത്തിനു കാരണമെന്നു വ്യക്തമായിട്ടുണ്ട്.
അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വച്ച് ഇടിമിന്നലേറ്റ് വിമാനം കടലില്‍ തകര്‍ന്നുവീണതാണെന്നതടക്കം പല നിഗമനങ്ങളിലും വിഗഗ്‌ദര്‍ എത്തിച്ചേരുന്നുണ്ട്. വിമാനത്തില്‍ 216 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്ന് ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് അധികൃതരുടെ നിഗമനം.












Click it and Unblock the Notifications