ഇന്ത്യയില്‍ പന്നിപ്പനി പരക്കുന്നു
ഹൈദരാബാദ്: ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടനപ്രഖ്യാപിച്ച പന്നിപ്പനി ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ പെരുകുന്നു.
ബാംഗ്ലൂരില്‍ രണ്ടു പേര്‍ക്ക് കൂടി പന്നിപ്പനി ബാധയുള്ളതായി സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു.യുഎസില്‍ നിന്നു ബംഗ്ലൂരില്‍ മടങ്ങിയെത്തിയ അമ്മയിലും മകളിലുമാണ് പനി ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പന്നിപ്പനി പടരുന്ന സാഹചര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി നിരീക്ഷണ സമിതി ഞായറാഴ്ച ഉച്ചക്ക് യോഗം ചേരും. നിലവിലുള്ള സ്ഥിതി സമിതി ചര്‍ച്ച ചെയ്യും
20 മാസം പ്രായമുള്ള ഒരു കുഞ്ഞിന് കൂടി എച്ച്1 എന്‍1 വൈറസ് ബാധയുണ്ടെന്ന് ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഈ കുഞ്ഞിന്റെ ആറു വയസ്സുള്ള സഹോദരിക്കും രോഗം ബാധിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നു മാതാപിതാക്കളോടൊത്ത് ഇന്ത്യയിലെത്തിയതാണ് ഇരുവരും. അമേരിക്കയിലെ ഓസ്‌റ്റിനില്‍ നിന്നു ഹൈദരാബാദിലെത്തിയ 24കാരനായ വിദ്യാര്‍ഥിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.
പന്നിപ്പനി ബാധ സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ദില്ലിയില്‍ അറിയിച്ചു.
ഹൈദരാബാദിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. പന്നിപ്പനി ലക്ഷണങ്ങളുമായി യുഎസില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബത്തെ ചെന്നൈ വിമാനത്താവളത്തിലെ പരിശോധനയ്‌ക്കു ശേഷം തൊണ്ടയാര്‍പെട്ടിലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 74 രാജ്യങ്ങളിലായി 29,669 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിട്ടുണ്ട്. 149 പേര്‍ ഇതിനോടകം രോഗം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications