കൂടുതല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ അനിവാര്യം
ദില്ലി: കടുത്ത ഉദാരവത്‌ക്കരണ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന സൂചനകളോടെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു.ആഗോളവത്‌കരണ നയങ്ങളുടെ ഫലമായി ലോകത്തെ വന്‍ സാമ്പത്തികശക്തികള്‍ കടുത്ത സാമ്പത്തികമാന്ദ്യത്തെ നേരിടുന്ന കാലഘട്ടത്തിലും കടുത്ത ഉദാരവത്‌കരണങ്ങളും സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന സൂചനയാണ് ബജറ്റ് അവതരണത്തിന് മുന്നോടിയായ സഭയില്‍ വെച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് നല്‌കുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2.1 ശതമാനം കുറഞ്ഞ് 6.7 ശതമാനത്തില്‍ എത്തി. മറ്റു ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണ്. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷാവസാനം വരെ രാജ്യത്ത് അഞ്ച് ലക്ഷം പേര്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 402 കയറ്റുമതി സ്ഥാപനങ്ങളെ ആഗോളമാന്ദ്യം ബാധിച്ചു. ഈ മേഖലയില്‍ 1,09,000 പേര്‍ക്ക് തൊഴില്‍ നഷ്‌ടമായി. ഈ പ്രതിസന്ധികള്‍ അതിജീവിയ്‌ക്കാന്‍ വന്‍ ഇളവുകള്‍ നല്‌കി വിദേശമൂലധന നിക്ഷേപം കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
പ്രതിവര്‍ഷം ഓഹരിവിറ്റഴിക്കലിലൂടെ 25000 കോടി രൂപ കണ്ടെത്തണം. നഷ്‌ടത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലേലത്തില്‍ വെയ്‌ക്കണം. ലിസ്റ്റ് ചെയ്യപ്പെടാത്ത പൊതു മേഖലാസ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരി വിറ്റഴിയ്‌ക്കുക, റെയില്‍, പ്രതിരോധം,ആരോഗ്യ മേഖല, കല്‍ക്കരി തുടങ്ങിയ മേഖലകളിലെ സര്‍ക്കാര്‍ കുത്തക ഇല്ലാതാക്കണം. ആരോഗ്യമേഖലയിലെ വിദേശമൂലധനനിക്ഷേപം 100 ശതമാനം ആക്കാവുന്നതാണെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിയ്‌ക്കുന്നു.
വ്യവസായ ഉല്‍പന്നരംഗത്തെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം 2.4 ശതമാനം ആയി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 8.2 ആയിരുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ച 1.6 ശതമാനം ആയി കുറഞ്ഞു. പോയവര്‍ഷം ഇത് 4.9 ശതമാനം ആയിരുന്നു. റബര്‍ ഉല്‍പാദനത്തില്‍ 1.5 ശതമാനം കുറവ് ഉണ് ടായി. സമരങ്ങളും തൊഴില്‍ ലോക്കൗട്ടുകളും മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം കേരളത്തിനാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദായനികുതി കണ്ടെത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവലംബിക്കണം, പാചകവാതക, മണ്ണെണ്ണ സബ്‌സിഡികള്‍ കുറയ്‌ക്കണം, കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കണം, വളം സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് നടപ്പാക്കാന്‍ സാധിയ്‌ക്കാതിരുന്ന ഇന്‍ഷൂറന്‍സ്, ആരോഗ്യമേഖലകളിലെ വിദേശപങ്കാളിത്തം അടുത്തയാഴ്‌ച അവതിപ്പിയ്‌ക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനയാണ് ധനമന്ത്രി തയ്യാറാക്കിയ റിപ്പോര്‍ട്ട് നല്‌കുന്നത്.












Click it and Unblock the Notifications