റെയില്‍വെ കേരളത്തിന് കൂടുതല്‍ വാഗ്‌ദാനങ്ങള്‍
ദില്ലി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി വികസിപ്പിയ്‌ക്കുന്ന റെയില്‍വെസ്റ്റേഷനുകളുടെ കൂട്ടത്തില്‍ കോഴിക്കോടിനെയും ഉള്‍പ്പെടുത്തിയതായി റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
വിവിധോദ്ദേശ്യ സ്‌റ്റേഷനുകളായി ഉയര്‍ത്തുന്ന കൂട്ടത്തില്‍ തൃശൂര്‍, ആലപ്പുഴ സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി. കാസര്‍കോട് തിരൂര്‍, പട്ടിക്കാട്, സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളാക്കി വികസിപ്പിയ്‌ക്കും. പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
റെയില്‍വേ ബജറ്റില്‍ 50 സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരവും കൊച്ചിയും മാത്രമാണ് നേരത്തെ ഉള്‍പ്പെട്ടിരുന്നത്. തുടര്‍ന്ന് കോഴിക്കോട് സ്‌റ്റേഷനെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംവി രാഘവന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കും റയില്‍വേ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
റെയില്‍വെ ഭൂമി വിറ്റഴിക്കാതെ പാട്ടത്തിന് നല്‍കി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. റെയില്‍വേയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ധവള പത്രം ഇറക്കുമെന്നു മമതാ ബാനര്‍ജി അവര്‍ത്തിച്ചു. സംസ്ഥാനത്തിന് അനുവദിച്ച എട്ട് പുതിയ തീവണ്ടികള്‍ക്ക് പുറമേ കൊച്ചി-ജയ്‌പൂര്‍ ട്രെയിന്‍ അജ്‌മീറിലേയ്‌ക്ക് നീട്ടുമെന്നും മമത വാഗ്‌ദാനം ചെയ്‌തു.
റെയില്‍വേയിലെ ഭക്ഷണ മേഖല സ്വകാര്യവത്‌കരിക്കില്ലെന്നും മമത ഉറപ്പു നല്‌കി. മറുപടി പ്രസംഗത്തിനുശേഷം 2009-10 വര്‍ഷത്തെ റെയില്‍ ബജറ്റ് ലോക്‌സഭ പാസാക്കി.












Click it and Unblock the Notifications