സെഫി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസില്‍ തന്റെ കന്യകാത്വ പരിശോധന സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്ന് കാണിച്ച് സിസ്റ്റര്‍ സെഫി മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കി.
പരിശോധനയുടെ വിശദീകരണങ്ങള്‍ സഹിതമാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ താന്‍ കന്യകയാണെന്നും ഇക്കാര്യത്തില്‍ വൈദ്യശാസ്‌ത്രപരമായ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും സിബിഐ നിരത്തിയത് അടിസ്ഥാനരഹിതമായ തെളിവുകളാണെന്നും സെഫി അഭിഭാഷകന്‍ മുഖേന നേരത്തേതന്നെ കോടതിയെ ധരിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് പരിഗണിക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സെഫിയുടെ പരാതിയില്‍ പറയുന്നത്.
16 വര്‍ഷം പഴക്കമുള്ള കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തന്നെ സമൂഹമധ്യത്തില്‍ അപമാനിതയാക്കാന്‍ സിബിഐ സൃഷ്ടിച്ചതാണ് കന്യകാത്വ പരിശോധനാ റിപ്പോര്‍ട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സിബിഐ ഡയറക്ടര്‍ക്കും കേന്ദ്രസര്‍ക്കാറിനും സെഫി പരാതി നല്‍കിയിട്ടുണ്ട്.
വ്യക്തിപരമായി തേജോവധം ചെയ്യാനും അധിക്ഷേപിക്കാനും സിബിഐ ബോധപൂര്‍വ്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ ലംഘനമാണെന്ന് കേന്ദ്രമനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സെഫിയ്‌ക്കെതിരെ കുറ്റപത്രത്തിലുള്ള പരാമര്‍ശങ്ങള്‍ ക്രൂരമാണെന്ന് കാണിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തയച്ചിട്ടുണ്ട്. ഇതും ഇക്കാര്യത്തില്‍ സെഫിയ്‌ക്ക് തുണയാകാന്‍ സാധ്യതയുണ്ട്.
മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹഷ്‌മി എന്നിവരും കുറ്റപത്രത്തില്‍ സെഫിയ്‌ക്കെതിരെ സിബിഐ നടത്തിയ പരാമര്‍ശങ്ങളില്‍ രോഷം രേഖപ്പെടുത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്കും മാന്യമായ പരിഗണനയ്‌ക്ക് അര്‍ഹതയുണ്ടെന്ന വസ്‌തുത നിലനില്‍ക്കേ കേരളത്തില്‍ നിന്നും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുള്ളവര്‍ ആരും തന്നെ സെഫിയ്‌ക്കെതിരെ കുറ്റപത്രത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ഇതേവരെ ശബ്ദമുയര്‍ത്തിയിട്ടില്ല.












Click it and Unblock the Notifications