ബാലുവധം: 8 സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം
കൊച്ചി: വണ്ടിപ്പെരിയാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായിരുന്ന ബാലസുബ്രഹ്മണ്യന്‍ എന്ന ബാലുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപ്രസ്‌താവന നടത്തിയത്. ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ പീരുമേട് തെക്കേതില്‍ വീട്ടില്‍ സാബു മൂന്നു മുതല്‍ ഒന്‍പത് വരെ പ്രതികളായ വിനോദ്, അജിത്ത്, മോഹനന്‍, അജയഘോഷ്, ബെന്നി, രാജപ്പന്‍, ബിജു, എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്‌ച കണ്ടെത്തിയിരുന്നു.
തടവനുഭവിക്കുന്നതിനൊപ്പം പ്രതികള്‍ 25,000 രൂപവീതം പിഴയും അടയ്‌ക്കണം. പിഴയായി കിട്ടുന്ന തുക ബാലുവിന്റെ അമ്മയ്‌ക്ക് നല്‍കാന്‍ കോടതി ഉത്തരവില്‍ പറഞ്ഞു. പിഴ നല്‍കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി അധികം തടവ് അനുഭവിക്കേണ്ടിവരുമെന്നും വിധില്‍ പറയുന്നുണ്ട്.
2004 ഒക്ടോബര്‍ ഇരുപതിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തൊടുപുഴയില്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കവേ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനായി സിപിഎം പ്രവര്‍ത്തകര്‍ ബാലുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ മൊഴിമാറ്റിപ്പറഞ്ഞ ഒന്നാം സാക്ഷിയും ഹൈറേഞ്ച് പ്ലാന്റേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ ബ്രാഞ്ച് പ്രസിഡന്റുമായ സജി ജേക്കബ് മൂന്നാം സാക്ഷി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications