വനപാതയില്‍ രാത്രി ഗതാഗത നിരോധനം ഉടനില്ല
ബാംഗ്ലൂര്‍: ഗുണ്ടല്‍പേട്ടില്‍ നിന്നു വയനാട്ടിലേയ്‌ക്കും ഗൂഡല്ലൂരിലേയ്‌ക്കുമുള്ള വനപാതകളില്‍ രാത്രി ഗതാഗത നിരോധനം തല്‍ക്കാലത്തേയ്‌ക്ക് നടപ്പാക്കുന്നില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു.
ബോധവല്‍ക്കരണം നടത്തിയശേഷം ഘട്ടം ഘട്ടമായി നിരോധനം നടപ്പാക്കിയാല്‍ മതിയെന്നാണ് തീരുമാനം. വരുന്ന ഒരാഴ്‌ച ഗതാഗതം തടയില്ല. അടുത്ത ഒരാഴ്‌ച കോണ്‍വോയ് അടിസ്ഥാനത്തില്‍ ഗതാഗതം അനുവദിക്കും. മൂന്നാമത്തെ ആഴ്‌ച മുതല്‍ വിലക്ക് കര്‍ശനമായി നിലവില്‍വരും.
ആദ്യഘട്ട ബോധവല്‍ക്കരണ പരിപാടി ബുധനാഴ്‌ച ആരംഭിച്ചതായി കര്‍ണാടക വനം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡോക്ടര്‍ കെ രാജു അറിയിച്ചു. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലെ പാതയിലേയ്‌ക്കു പ്രവേശിക്കുന്ന സ്ഥലത്ത് വാഹനം തടഞ്ഞു യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്.
ഗുണ്ടല്‍പേട്ട്-ബത്തേരി റൂട്ടില്‍ കര്‍ണാടക ഭാഗത്തു മദൂര്‍ ചെക് പോസ്‌റ്റിലും കേരള ഭാഗത്ത് മൂളെഹോളെ ചെക് പോസ്‌റ്റിലുമാണ് ഗതാഗതം തടയുക. ഗൂഡല്ലൂര്‍ റോഡില്‍ തമിഴ്‌നാടിന്റെ ഭാഗത്ത് കെക്കനഹള്ള ഗേറ്റിലും കര്‍ണാടക ഭാഗത്ത് മേലുകമ്മനഹള്ളിയിലും വാഹനങ്ങള്‍ തടയും.
രണ്ടാമത്തെ ആഴ്‌ചമുതല്‍ ഓരോ ഭാഗത്തും രണ്ടു മുതല്‍ മൂന്നുമണിക്കൂര്‍ വരെ വാഹനങ്ങല്‍ തടഞ്ഞിട്ടശേഷം അവയെ ഒന്നായി കോണ്‍വോയ് അടിസ്ഥാനത്തില്‍ നിയന്ത്രിത വേഗത്തില്‍ കടത്തിവിടും. ഇരുഭാഗത്തുനിന്നും ഇത്തരത്തില്‍ ഗതാഗതം അനുവദിക്കും. നിരോധനം കര്‍ശനമാകുമ്പോള്‍ ബദല്‍ പാത വഴി പോകേണ്ടിവരുന്ന കേരള ആര്‍ടിസി ബസുകള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേയ്‌ക്കും.
ഗോണിക്കുപ്പ ഹുന്‍സൂര്‍ വഴി 34 കിലോമീറ്ററാണ് ബദല്‍ പാതയില്‍ അധികം ഓടേണ്ടത്. സ്വകാര്യ ബസുകളിലും നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് സൂചന. മജസ്‌റ്റിക്, സാറ്റലൈറ്റ് ബസ് സ്‌റ്റാന്റ് എന്നിവിടങ്ങളില്‍നിന്നും മലബാര്‍ ഭാഗത്തേയ്‌ക്ക് പോകുന്ന ബസുകളില്‍ വൈകീട്ട് നാലുമണിക്കുള്ളില്‍ പുറപ്പെടുന്നവ മാത്രമേ ഗുണ്ടല്‍പേട്ട് വഴി പോവുകയുള്ളു. അതിനുശേഷമുള്ള ബസുകള്‍ ഗോണിക്കുപ്പ വഴിയായിരിക്കും പോവുക.
രാത്രി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഈ ബദല്‍ റൂട്ട് തന്നെ സ്വീകരിക്കേണ്ടിവരും. വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഗതാഗതം നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. വനത്തിനുള്ളിലൂടെയുള്ള റോഡില്‍ രാത്രികാലങ്ങളില്‍ മൃഗങ്ങള്‍ വാഹനങ്ങള്‍ തട്ടി ചാവുന്നുവെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications