ഇന്ത്യയെ കഷണങ്ങളാക്കാന്‍ വെബ്‌സൈറ്റില്‍ ആഹ്വാനം
ദില്ലി: ഇന്ത്യയുടെ തകര്‍ച്ച അടുത്തിരിക്കുകയാണെന്നും ചൈന ശ്രമിച്ചാല്‍ ഇന്ത്യയെ കഷണങ്ങളാക്കിമാറ്റാന്‍ കഴിയുമെന്നും പറഞ്ഞുകൊണ്ട് ചൈനീസ് വെബ് സൈറ്റില്‍ ലേഖനം.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌ട്രാറ്റജിക് സ്റ്റഡീസിന്റെ പേരിലുള്ള വെബ്‌സൈറ്റിലാണ് ഇത്തരത്തിലൊരു ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെ ചിന്നഭിന്നമാക്കാന്‍ പാക്കിസ്‌താന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി ചൈന കൈകോര്‍ക്കണമെന്നാണ് ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ സ്വതന്ത്ര രാഷ്ട്രവാദവുമായി സമരം ചെയ്യുന്ന ഉള്‍ഫ പോലുള്ള എല്ലാ സംഘടനകളെയും ചൈന പ്രോത്സാഹിപ്പിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
പഞ്ചിമബംഗാള്‍ ബംഗ്ലാദേശിന് അവകാശപ്പെട്ടതാണ് അത് അവര്‍ക്ക് നേടിക്കൊടുക്കാന്‍ ചൈന സഹായിക്കണം. തമിഴ്‌നാട്, നാഗാലാന്റ് എന്നിവയെ സ്വതന്ത്രരാജ്യമാക്കണം. ഇന്ത്യയെ കഷണങ്ങളാക്കി ഏഷ്യന്‍ മേഖലയില്‍ വന്‍ ശക്തിയാകാന്‍ ഇന്ത്യയിലെ അസമികളെയും തമിഴ്, കശ്‌മീര്‍ എന്നീ സംസ്ഥാന വാസികളെയും ചൈന കൂടെക്കൂട്ടണം- എന്നിങ്ങനെയാണ് ലേഖനത്തിലെ ആഹ്വാനങ്ങള്‍.
ലേഖനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ചൈനയുടെ ഔദ്യോഗികസൈറ്റല്ലെന്നും സ്വതന്ത്ര സൈറ്റാണെന്നും ഇതിന്റെ സ്ഥാപക എഡിറ്ററായ കാങ് ലിങ് യി വ്യക്തമാക്കി. ഒപ്പംതന്നെ ഈ ലേഖനം ഒരു വായനക്കാരന്‍ പ്രസിദ്ധീകരിച്ചതാണെന്നും കാങ് അവകാശപ്പെട്ടു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലെ ലേഖനത്തിന് പിന്നില്‍ ചൈനീസ് സര്‍ക്കാറിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഒന്നുമില്ല. സൈറ്റിന് യാതൊരുവിധ സഹായവും സര്‍ക്കാര്‍ നല്‍കുന്നില്ല. ഈ ആരോപണം പരിഹാസ്യമാണ്- ഒരു അഭിമുഖത്തില്‍ കാങ് പറഞ്ഞു.












Click it and Unblock the Notifications