18കാരിയെ റോഡില്‍ കഴുത്തറുത്തുകൊന്നു
ചിറ്റൂര്‍ (പാലക്കാട്): പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് കഴുത്തറുത്തുകൊന്നു. ചിറ്റൂര്‍ കണക്കമ്പാറ തമ്പാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷയാണ് കൊല്ലപ്പെട്ടത്.
കഞ്ചിക്കോട് വി.വി. കോളേജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് അഞ്ജുഷ. കോളേജുവിട്ട് കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോവുന്നതിനിടെയാണ് അഞ്ജുഷയെ കൊലപ്പെടുത്തിയത്.
കേസിലെ പ്രതിയായ കണക്കമ്പാറ തേമ്പാറമട ഷാജഹാനെ (23) സംഭവസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഇയാള്‍ വിഷംകഴിച്ചതായി സംശയിക്കുന്നു. ടിപ്പര്‍ ഡ്രൈവറാണ്.
ചിറ്റൂര്‍ ആസ്പത്രിയിലെത്തിച്ച ഇയാളെ പിന്നീട് തൃശ്ശൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം തടഞ്ഞു. ഇയാളെ കയറ്റിയ ആംബുലന്‍സിന്റെ ചില്ല് ജനം എറിഞ്ഞു തകര്‍ത്തു.
ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ കണക്കമ്പാറ-തേമ്പാറമട റോഡിലാണ് സംഭവം. കൂട്ടുകാരികളും അയല്‍വാസികളുമായ കുട്ടികള്‍ക്കൊപ്പം കണക്കമ്പാറ ജങ്ഷനില്‍ ബസ്സിറങ്ങിയശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു അഞ്ജുഷ.
ഈസമയം ഇവര്‍ക്കുപിന്നാലെ ബൈക്കിലെത്തി ഷാജഹാന്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് വയറില്‍ കുത്തിവീഴ്ത്തിയതിനുശേഷം കഴുത്തറക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴുത്തിന്റെ ഇടതുവശത്ത് മുറിവേറ്റ അഞ്ജുഷ സംഭവസ്ഥലത്ത് കുഴഞ്ഞുവീണു.
കൂടെയുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടി. കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അഞ്ജുഷയെ ചിറ്റൂര്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വിദ്യാര്‍ഥിനിയെ ആക്രമിക്കാനുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
വിദ്യാര്‍ഥിനിയെ ആക്രമിച്ച സ്ഥലത്തുതന്നെ അവശനിലയില്‍ കുഴഞ്ഞുവീണ യുവാവിനെ പോലീസെത്തി ഒരുമണിക്കൂറിനുശേഷമാണ് ആസ്പത്രിയിലേക്കുമാറ്റിയത്. മാസങ്ങള്‍ക്കുമുമ്പ് യുവാവ് വിദ്യാര്‍ഥിനിക്ക് എസ്എംഎസ്. അയച്ചതിനെ വീട്ടുകാര്‍ ചോദ്യംചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമാണ് കൊലയ്ക്കുകാരണമെന്ന് സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. യുവാവിന്റെ പേഴ്‌സില്‍നിന്ന് മരിച്ച വിദ്യാര്‍ഥിനിയുടെ രണ്ട് ഫോട്ടോകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.












Click it and Unblock the Notifications