എന്‍സിപിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ല: പീതാംബരന്‍
കൊച്ചി: കെ. മുരളീധരന്‍ പാര്‍ട്ടിവിട്ടതോടെ എന്‍സിപിയുടെ പ്രസക്‌തി വര്‍ധിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്‌റ്റര്‍.
മുരളീധരന്‍ പോയെങ്കിലും അദ്ദേഹം നോമിനേറ്റ് ചെയ്‌ത ഭാരവാഹികള്‍ പാര്‍ട്ടിയില്‍ അടിയുറച്ചുനില്‍ക്കുകയാണ്. ഇതില്‍ നിന്നു പാര്‍ട്ടിയുടെ ജനപിന്തുണ ഒട്ടും കുറഞ്ഞിട്ടില്ലെന്നു വ്യക്‌തമാണെന്ന് പീതാംബരന്‍ മാസ്‌റ്റര്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച സംസ്‌ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്‌ത കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറ്റത്തിനനുസരിച്ച് പോരാടുന്ന രീതിയാണ് എന്‍സിപിയുടേത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ന്യൂനപക്ഷങ്ങളെ യോജിപ്പിച്ച് വിശാല മതേതര ജനാധിപത്യ മുന്നണിയുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. മതേതര ജനാധിപത്യ സംഖ്യമെന്നാല്‍ ഇടതുപക്ഷവുംകൂടി ഉള്‍പ്പെടുന്നതാണെന്നും പീതാംബരന്‍ അഭിപ്രായപ്പെട്ടു.
ജൂലൈയില്‍ ശരത് പവാറിന്റെ സാന്നിധ്യത്തില്‍ ദില്ലിയില്‍ നടന്ന യോഗത്തില്‍ എടുത്ത രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. മുന്നണി പ്രവേശനം തത്‌കാലത്തെ അണ്ടയില്‍ ഉണ്ടാവില്ല. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുമ്പോട്ടുപോകും.
28 ന് കൊച്ചിയില്‍ നടക്കുന്ന സംസ്‌ഥാന പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ശരത്‌പവാര്‍ പങ്കെടുക്കും. പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ-ബ്ലോക്ക് യോഗങ്ങളും നടക്കും. എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം വ്യാഴാഴ്ച മൂന്നിന് ടൗണ്‍ഹാളില്‍ ചേരും.


Click it and Unblock the Notifications