വാക്‌തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജിന്റെ മകന്‍ പോള്‍ എം ജോര്‍ജിന്റെ കൊലപാതകം ആസൂത്രിതമല്ലെന്ന് കേസ് അന്വേഷിയ്‌ക്കുന്ന ഐജി വിന്‍സന്‍ എം പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പോളിന്റെ വാഹനം ഒരു ബൈക്കുമായി ഇടിച്ചതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘവുമായി വാദപ്രതിവാദം ഉണ്ടായി എന്നും ഇതാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ആസൂത്രിതമല്ലായെന്നാണ് ഇതുവരെ നടന്ന അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതേ സമയം ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിയ്‌ക്കുമെന്നും ഐജി വ്യക്തമാക്കി.
പോള്‍ എം ജോര്‍ജ്ജിനെ കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനായി അന്വേഷണം തുടരുകയാണ്. കേസില്‍ 11 പേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്‌ടായേക്കും. സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പോള്‍ ഓംപ്രകാശ്, രാജേഷ് എന്നിവര്‍ക്ക് ഇതുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഓംപ്രകാശും രാജേഷും ഏതു വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നത് എന്ന കാര്യം വ്യക്തമല്ല. ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയ്‌ക്ക് പോകുന്നതിനിടെ പോളിന്റെ എന്‍ഡവര്‍ കാര്‍ ബൈക്കിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് ഐജി പറഞ്ഞു.
അപകടമുണ്ടായപ്പോള്‍ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കുപറ്റിയ ബൈക്ക് യാത്രക്കാരനെ സഹായിച്ചു. അതിനിടെ ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ മറ്റൊരു ടെമ്പോ ട്രാവലറില്‍ പോളിന്റെ വാഹനത്തെ പിന്തുടര്‍ന്നു. പോള്‍ ഓടിച്ചിരുന്ന വാഹനം പള്ളാത്തുരുത്തിയില്‍ നിര്‍ത്തിയപ്പോള്‍ ടെമ്പോ ട്രാവലറില്‍ പിന്തുടര്‍ന്നവര്‍ പോളിന്റെ വാഹനത്തിന് അടുത്തെത്തി. പോളിനൊപ്പം കാറിലുണ്ടായിരുന്ന ഓംപ്രകാശോ മനുവോ ക്വട്ടേഷന്‍ സംഘവുമായി തര്‍ക്കിക്കുന്നതിനിടെ ഒരാള്‍ പോളിനെ കുത്തുകയായിരുന്നു.
പൊലീസ് പേരു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സതീഷ് എന്നയാളാണ് പോളിനെ കുത്തിയതെന്ന്‌റിപ്പോര്‍ട്ടുകളുണ്ട്. പ്രൊഫഷണല്‍ ഗുണ്ടകള്‍ ഉപയോഗിക്കുന്ന എസ് ആകൃതിയിലുള്ള പ്രത്യേക തരത്തിലുള്ള കത്തികൊണ്ടാണ് പോളിനെ കുത്തിയത്. പോളിന്റെ ശരീരത്തില്‍ നാല് കുത്തും കമ്പിപ്പാര കൊണ്ട് അടിച്ച പാടും ഉണ്ടായിരുന്നു.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് പോളിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അതേ സമയം സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കും. എന്നാല്‍ വധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഐജി വിന്‍സന്‍ എം പോള്‍ എഡിജിപി എ ചന്ദ്രശേഖറിന് കൈമാറിയിട്ടില്ല. ഔദ്യോഗികമായി ചില ചുമതലകള്‍ കൈമാറുന്നതിനാണ് ഐജി വിന്‍സന്‍ എം പോള്‍ എഡിജിപിയെ കണ്ടത്. ഓം പ്രകാശിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications