ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടപ്പെട്ടു
ബാംഗ്ലൂര്‍: ഇന്ത്യയുടെ ചാന്ദ്ര ഉപഗ്രഹമായ ചന്ദ്രയാന്‍ ഒന്നുമായുള്ള റേഡിയോ ബന്ധം നഷ്‌ടപ്പെട്ടു. ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐഎസ്‌ആര്‍ഒയ്‌ക്കു നഷ്‌ടപ്പെട്ടത്. ബാംഗ്ലൂരിനടുത്ത് ബ്യലാലുവില്‍ സ്‌ഥാപിച്ചിരുന്ന ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലാണ് ചന്ദ്രയാന്‍ ഒന്നില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചിരുന്നത്. പുലര്‍ച്ചെ 12.25 നാണ് അവസാനമായി ചന്ദ്രയാനില്‍ നിന്ന് സന്ദേശം ലഭിച്ചത്. അതിന് ശേഷം സന്ദേശം അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ല.
ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്‌ഞര്‍ ബന്ധം പുനസ്‌ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബന്ധം പുനസ്‌ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചന്ദ്രയാന്‍ ദൗത്യം കാലാവധി പൂര്‍ത്തിായക്കാതെ അവസാനിപ്പിയ്‌ക്കേണ്ടി വരും. ഇതിന് പുറമെ ബന്ധം വിച്ഛേദിയ്‌ക്കപ്പെടുന്നതോടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഉപഗ്രഹം ഗുരുത്വാകര്‍ഷണ വലയത്തില്‍പ്പെട്ട് ചന്ദ്രനില്‍ പതിയ്‌ക്കാനും സാധ്യത ഏറെയുണ്ടെന്ന് വിദഗ്‌ധര്‍ പറയുന്നു.
ചന്ദ്രയാനിലെ മറ്റ് ഉപകരണങ്ങളുടെ പ്രവര്‍ത്തനവും ഐഎസ്‌ആര്‍ഒ പരിശോധിക്കുന്നുണ്ട്. പര്യവേഷണ വാഹനത്തിലെ പ്രധാന സെന്‍സറിങ് ഉപകരണത്തിന് അടുത്തിടെ മറ്റൊരു തകരാര്‍ സംഭവിച്ചിരുന്നു.
രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍ ഒന്നിലൂടെ ഒരു വര്‍ഷത്തെ ദൗത്യമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഒമ്പത് മാസമായപ്പോഴേക്കും പദ്ധതിയില്‍ ഗുരുതരമായ തകരാറുകള്‍ ഉണ്ടാവുകയായിരുന്നു. വിക്ഷേപിച്ച് 312 ദിവസത്തിനുള്ളില്‍ 3400 ഭ്രമണങ്ങളാണ് ചന്ദ്രയാന്‍ നടത്തിയിട്ടുള്ളത്.
ചാന്ദ്ര ഭ്രമണപഥത്തിലൂടെയുള്ള ഈ ദീര്‍ഘ യാത്രയില്‍ ഒട്ടേറെ വിവരങ്ങള്‍ അയക്കാന്‍ ചാന്ദ്രയാന് കഴിഞ്ഞിരുന്നു.
ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി 2008 ഒക്‌ടോബര്‍ 22ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത്.












Click it and Unblock the Notifications