ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചു
ബാംഗ്ലൂര്‍: ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ ഒന്നുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ അറിയിച്ചു. ചന്ദ്രയാനുമായുള്ള ബന്ധം പുനസ്ഥാപിയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും ഇതൊന്നും വിജയിക്കാത്ത സാഹചര്യത്തിലാണ് ദൗത്യം ഉപേക്ഷിയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് പേടകവുമായുള്ള ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടത്. ബംഗ്ലൂരിന് സമീപം ബ്യാലലുവിലെ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്ക് കണ്‍ട്രോള്‍ സ്‌റ്റേഷനിലെ ആന്‍റിനയുടെ ഗതി മാറ്റി പേടകത്തിലെ റേഡിയോയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍മാര്‍ കഠിന പ്രയത്‌നം നടത്തിയിരുന്നു. എന്നാല്‍ വൈകിട്ടോടെ ഈ ശ്രമവും പൂര്‍ണ്ണമായി പരാജയപ്പെടുകയായിരുന്നു.
പ്രതീക്ഷിച്ചതിലും നേരത്തെ ദൗത്യം അവസാനിപ്പിക്കേണ്‌ടി വന്നെങ്കിലും ചന്ദ്രയാന്‍ ഒന്നിന്റെ വിക്ഷേപണ ലക്ഷ്യം 95 ശതമാനവും പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. 2008 ഓക്‌ടോബറിലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പിഎസ്‌എല്‍.വി റോക്കറ്റ് ചന്ദ്രയാന്‍ ഒന്ന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രപ്രതലത്തിന്‍റെ ചിത്രങ്ങളും മറ്റു വിലപ്പെട്ട വിവരങ്ങളും ചന്ദ്രയാന്‍ അയച്ചുതുടങ്ങി.
2009 ഏപ്രില്‍ 26 മുതലാണ് പേടകത്തില്‍ കുഴപ്പങ്ങള്‍ കണ്ടുതുടങ്ങിയത്. ചന്ദ്രയാന്‍റെ യാത്ര നിയന്ത്രിക്കുന്ന 'സ്റ്റാര്‍ സെന്‍സറിന്‍റെ പ്രവര്‍ത്തനം നിലച്ചതായിരുന്നു തുടക്കം.
എന്നാല്‍ ചിത്രങ്ങളുടെയും പേടകത്തിലെ ഗിയറോസ്‌കോപ്പിന്‍റെയും സഹായത്തോടെ ശാസ്‌ത്രജ്ഞര്‍ ചന്ദ്രയാന്റെ ഗതിയെ നിയന്ത്രിച്ചുവരികയായിരുന്നു. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിക്ക് ശേഷം 12.25 നാണ് പേടകത്തില്‍ നിന്ന് അവസാന സന്ദേശം സ്വീകരിച്ചത്.












Click it and Unblock the Notifications