ആമയൂര്‍ കൂട്ടക്കൊല: റെജികുമാറിന് വധശിക്ഷ

പൈശാചികമായ കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ റെജികുമാര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി വധശിക്ഷയ്‌ക്കു പുറമേ 17വര്‍ഷം കഠിനതടവും 1000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കൊലപാതകം, ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ റെജികുമാര്‍ ചെയ്‌തുവെന്ന് ബോധ്യപ്പെട്ടതായി പ്രിന്‍സിപ്പല്‍ ജില്ലാ ജെഡ്‌ജി ആര്‍ നടരാജന്‍ ബുധനാഴ്‌ച കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
89 സാക്ഷികളുള്ള കേസിന്റെ വിചാരണ രണ്ടുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2008 ജൂലൈ 8നും 22നും ഇടക്കാണ് കേസിനാസ്‌പദമായ കൃത്യങ്ങള്‍ നടന്നത്. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ട്.
ലിസിയും റെജികുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പത്രപ്പരസ്യം കണ്ട് ആമയൂരില്‍ ഇവര്‍ ടാപ്പിങ് ജോലിക്ക് എത്തിയതായിരുന്നു. അമലും അമന്യയും അച്ഛനമ്മമാരോടൊപ്പവും, അമലു, അമല്യ എന്നിവര്‍ പാലാ രാമപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹോസ്‌റ്റലിലുമാണ് താമസിച്ചിരുന്നത്.
ഭാര്യയെയും മക്കളെയും മൂന്നു ഘട്ടമായി കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഭാര്യയുടെ മൃതദേഹം സെപ്‌റ്റിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങള്‍ വീട്ടിനടുത്തുള്ള പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടേത് വീട്ടിനുള്ളിലുമായിരുന്നു കണ്ടെത്തിയത്.
ലിസിയെക്കുറിച്ചുള്ള സംശയവും റെജികുമാറിന്റെ അവിഹിതബന്ധവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. പാലക്കാട് സ്‌പെഷ്യല്‍ സബ് ജയിലിലുള്ള പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications